ന്യൂഡെല്‍ഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദീഖിനെ രണ്ടാഴ്ച്ചത്തേയ്ക്ക് അറസ്റ്റു ചെയ്യരുതെന്നു സുപ്രീംകോടതി. 360ല്‍ പരം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള തനിക്കെതിരെ ഇതുവരെ ഒരു പരാതിയും ഇല്ലെന്നും എട്ടുവര്‍ഷത്തിനു ശേഷമാണ് തനിക്ക് എതിരെ പരാതി നല്‍കിയതെന്നുമുള്ള സിദ്ദീഖിന്റെ വാദം പരിഗണിച്ചാണ് കോടതി ഉത്തരവായത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സിദ്ദീഖ് സമീപിച്ചത്. രണ്ടാഴ്്ച്ചക്കകം അറസ്റ്റു ചെയ്യുകയാണെങ്കില്‍ വിചാരണ കോടതിക്ക് ജാമ്യം നല്‍കാമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. കേസ് രണ്ടാഴ്ച്ചയ്ക്കു ശേഷം പരിഗണിക്കും.
യുവനടി നല്‍കിയ പരാതി പ്രകാരമാണ് സിദ്ദീഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തത്. 2016ല്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് സിദ്ദീഖ് പീഡിപ്പിച്ചതായാണ് നടിയുടെ പരാതി. 376 വകുപ്പ് അനുസരിച്ച് ബലാത്സംഗത്തിനു പത്ത് വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ നീണ്ടേക്കാവുന്നതുമായ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്.