നാരായണന്‍ പേരിയ
പഠിച്ച് പാസാകണം; പിന്നെ നല്ലൊരു സര്‍ക്കാരുദ്യോഗം. അതാണ് ആഗ്രഹം. സര്‍ക്കാരുദ്യോഗം തന്നെ വേണമെന്ന് നിര്‍ബന്ധമുണ്ടോ? സ്വകാര്യസ്ഥാപനത്തിലായാലും പോരെ? പോരാ, സര്‍ക്കാരുദ്യോഗം തന്നെ വേണം. യോഗ്യതയ്‌ക്കൊത്ത പദവി; പടിപടിയായി പ്രമോഷന്‍. നിശ്ചിത കാലാവധിയെത്തുമ്പോള്‍ പെന്‍ഷന്‍. പെന്‍ഷണറുടെ മരണാനന്തരം അവകാശിക്ക് ഫാമിലി പെന്‍ഷന്‍. സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാള്‍ക്ക് ഇതെല്ലാം കിട്ടുമോ?
പക്ഷെ, സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും ഇന്ന് പെരുവഴിച്ചെണ്ടയുടെ ദുര്‍ഗ്ഗതിയല്ലേ? ആര്‍ക്കും കയറി കൊട്ടാം. പ്രതികരിക്കാന്‍ പാടില്ല. അച്ചടക്കലംഘനമാകും. ശിക്ഷ ഉറപ്പ്. പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍, തരംതാഴ്ത്തല്‍, കിട്ടേണ്ട പ്രമോഷന്‍ തടഞ്ഞുവെയ്ക്കല്‍-ഇത്യാദി പീഡനങ്ങള്‍-ഡെമോക്ലസിന്റെ വാളുപോലെ തലയ്ക്കു മുകളില്‍.
ഉദ്യോഗസ്ഥന്മാരെ മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കന്മാര്‍ക്കും എന്തും പറയാം. കെട്ടിച്ചമച്ച ആരോപണങ്ങള്‍ ഉന്നയിക്കാം. തേജോവധം, അപമാനം, ഉദ്യോഗസ്ഥന്മാര്‍ സഹിക്കണം എല്ലാം.
തനിക്കെതിരായ അന്യായങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെങ്കില്‍ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം എന്നാണ് ചട്ടം. അനുമതി നല്‍കേണ്ടത് ആരാണ്? ആര്‍ക്കെതിരെയാണോ നടപടിയെടുക്കാനുദ്ദേശിക്കുന്നത്, ആ അധികാരി തന്നെ. ഇതാ കുത്തിക്കോളു എന്റെ മര്‍മ്മസ്ഥാനത്ത് എന്ന് ആരെങ്കിലും പറയുമോ?
സംസ്ഥാനത്ത് അഗ്നിശമന സേനാ മേധാവി ആയിരിക്കെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജേക്കബ് തോമസ് ഐ.പി.എസിനെ പരസ്യമായി വിമര്‍ശിച്ചു; ആക്ഷേപിച്ചു; കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ആ അന്യായത്തിനെതിരെ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാഗ്രഹിക്കുന്നു. അതിനുള്ള അനുമതി തരണം-മുഖ്യമന്ത്രിയെ സമീപിച്ച് അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രി അനുമതി നല്‍കിയില്ല. മന്ത്രിസഭാ യോഗത്തിന്റെ അഭിപ്രായപ്രകാരമാണ് അനുമതി നിഷേധിച്ചത് എന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം.
ബഹുനില കെട്ടിടം പണിയുമ്പോള്‍ നിര്‍മ്മാണച്ചട്ടം പാലിക്കണം. മൂന്ന് നിലയില്‍ കൂടുതലാണ് പണിയുന്നതെങ്കില്‍ ഫയര്‍ ആന്റ് ലൈഫ് സേഫ്റ്റി പരിശോധനയും എന്‍.ഒ.സി.യും നിര്‍ബന്ധം. നാഷണല്‍ ബില്‍ഡിംഗ് കോഡില്‍ ലൈഫ് സേഫ്റ്റിയെക്കുറിച്ച് പറഞ്ഞിട്ടുള്ള നിബന്ധനകളെല്ലാം പാലിക്കണം. ഇത് ചൂണ്ടിക്കാണിച്ച് അനുമതി നിഷേധിച്ചപ്പോള്‍ ജനവിരുദ്ധന്‍, വികസനവിരുദ്ധന്‍ എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി. മുക്കാല്‍ മണിക്കൂറോളം. വിശദീകരണം, മറുപടി പറയാന്‍ സര്‍ക്കാറിന്റെ അനുമതി തേടി, നല്‍കിയില്ല. (സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍-109)
ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അഭിപ്രായം: വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനുള്ള അവകാശം. ഉദ്യോഗസ്ഥന്മാര്‍ക്ക് നിഷേധിക്കാന്‍ പാടില്ല. വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ഏല്‍ക്കേണ്ടി വരുമ്പോള്‍, അതിനുള്ള മറുപടി വിശദീകരണം, സ്വന്തം നിലപാട്-ഇത് തുറന്നു പറയാന്‍ പാടില്ല എന്ന് ശഠിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. മാധ്യമങ്ങള്‍ക്ക് എന്തും പറയാം; എന്നാല്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് മിണ്ടിക്കൂടാ. മന്ത്രിയുടെ വിമര്‍ശനത്തിന് മറുപടി പറഞ്ഞാല്‍ അത് അച്ചടക്കലംഘനമാണത്രെ. എന്ത് ആരോപണം നേരിട്ടാലും അപമാനിക്കപ്പെട്ടാലും,ഉദ്യോഗസ്ഥന്മാര്‍ക്ക് നാവനക്കാന്‍ അനുവാദമില്ല. അന്യായമായ ഈ നയം തിരുത്തേണ്ടതാണ്. (മാതൃഭൂമി 7-1-2016) ഈ അഭിപ്രകടനത്തിന്റെ പേരില്‍ ചീഫ് സെക്രട്ടറിക്കെതിരെ നടപടിയുണ്ടായോ എന്നറിയില്ല.
ജേക്കബ് തോമസ് കണ്ണൂരില്‍ ക്രൈംബ്രാഞ്ച് എസ് പി ആയിരിക്കെ കാസര്‍കോട് എസ് പി ആയി മാറ്റി നിയമിച്ചു. രണ്ടു ദിവസം കഴിഞ്ഞിട്ടുമതി ചാര്‍ജ്ജെടുക്കുന്നത് എന്ന് കാസര്‍കോടിന്റെ അഡീഷണല്‍ ചാര്‍ജ്ജുണ്ടായിരുന്ന ഡി ഐ ജി പറഞ്ഞു. തൊട്ടടുത്ത ദിവസം മറ്റൊരാളെ കാസര്‍കോട് എസ് പി ആയി നിയമിച്ചു. വൈകേണ്ട എന്ന് വിചാരിച്ച് കണ്ണൂരിലെ ചാര്‍ജ് ഒഴിഞ്ഞു. കാസര്‍കോട്ടേയ്ക്ക് പോയി. പക്ഷേ, കസേര ഒഴിവില്ല. മറ്റൊരാള്‍ എസ് പി സീറ്റിലുണ്ട്. ത്രിശങ്കു സ്വര്‍ഗ്ഗത്തിലായി. ദിവസങ്ങള്‍ കഴിഞ്ഞു. പാലക്കാട്ടേയ്ക്ക് തട്ടി; കെ എസ് പി ബറ്റാലിയന്റെ കമാന്‍ഡന്റായിട്ട്.
മറ്റൊരിക്കല്‍: മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലാ രജിസ്ട്രാറായി നിയമനം. ചാര്‍ജ്ജെടുക്കും മുമ്പെ സ്ഥലം മാറ്റം. കോട്ടയത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലേയ്ക്ക്.
2013 നവംബര്‍ ഒന്നാം തീയ്യതി സുപ്രീം കോടതി പറഞ്ഞു. ഉദ്യോഗസ്ഥന്മാരെ മന്ത്രിമാര്‍ പന്തു തട്ടുന്നു, തങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍, അര്‍ഹതപ്പെട്ട പ്രൊമോഷന്‍ നിഷേധിക്കുന്നു. ഇപ്രകാരം പറഞ്ഞ കോടതി തൊട്ടുപിന്നാലെ പറഞ്ഞത്: കോടതിയുടെ വാക്കാലുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിക്കേണ്ടതില്ല. എഴുതിക്കൊടുക്കണമായിരിക്കും; എങ്കിലേ അനുസരിക്കേണ്ടതുള്ളൂ.
നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ മനസ്സിലാക്കണം: ബഹുമാനപ്പെട്ട ജഡ്ജിമാര്‍ ”വാക്കാല്‍’ പലതും പറയും. അതുകേട്ട് തലക്കെട്ടാക്കിയാല്‍, നാണം കെടും. വായനക്കാരും ശ്രദ്ധിക്കണം. കോടതിയുടെ ഉത്തരവ്- വിധി പ്രസ്താവം- അല്ല, വാക്കാലുള്ള നിരീക്ഷണം: (വാക്കാല്‍ നിരീക്ഷിക്കുകയോ? നാവുകൊണ്ട് കാണുക!)
”കൈയാല്‍ കരണത്ത് കടാക്ഷിക്കൊലാ” – എന്ന് പണ്ട് പാറപ്പുറത്ത് സഞ്ജയന്‍ പാടിയത് പോലെ.
നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ഭരണഘടനയുടെ ആധാരസ്തംഭങ്ങള്‍; നെടും തൂണുകള്‍.
ആ ഭരണഘടന പ്രാബല്യത്തിലുള്ളപ്പോഴാണ് ചിലര്‍ പെരുവഴിച്ചെണ്ടയും കളിക്കളത്തിലെ പന്തും ആകുന്നത്!ചിലരെ അങ്ങനെ ആക്കുന്നത്.