കാസര്‍കോട്: ഷേണി, മണിയമ്പാറയിലെ വീട്ടില്‍ നിന്നും നാലര ക്വിന്റല്‍ അടക്കയും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കവര്‍ച്ച ചെയ്ത കേസില്‍ ബദിയഡുക്ക പൊലീസ് ഒരാളെ അറസ്റ്റു ചെയ്തു. കര്‍ണ്ണാടക, സാലത്തൂര്‍, ബാരെബെട്ടുവിലെ മുഹമ്മദ് ജാബിറി(37)നെയാണ് ബദിയഡുക്ക എസ്.ഐ കെ.ആര്‍ ഉമേശനും സംഘവും അറസ്റ്റു ചെയ്തത്. ആഗസ്ത് മൂന്നിനും നാലിനും ഇടയിലായിരുന്നു മണിയമ്പാറയിലെ ഗള്‍ഫുകാരനായ അബ്ദുല്‍ ലത്തീഫിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. ഈ സമയത്ത് ലത്തീഫിന്റെ ഭാര്യയും മക്കളും ബന്ധുവീട്ടില്‍ പോയതായിരുന്നു. കുടുംബം നാലിനു രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന കാര്യം അറിഞ്ഞത്. വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാക്കള്‍ ഏണിറൂമില്‍ സൂക്ഷിച്ചിരുന്ന നാലരക്വിന്റല്‍ അടയ്ക്ക മോഷ്ടിക്കുകയായിരുന്നു. ടി.വി, ക്യാമറ, മോഡം, ടാബ് എന്നിവയും കവര്‍ച്ച പോയി.
അബ്ദുല്‍ ലത്തീഫിന്റെ ഭാര്യ ഫാത്തിമത്ത് സുമൈന നല്‍കിയ പരാതി പ്രകാരം ബദിയഡുക്ക പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കവര്‍ച്ചാ സംഘത്തിലെ മറ്റു രണ്ടു പേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.
നെക്രാജെയിലെ വീട്ടില്‍ നിന്നു 15 പവന്‍ സ്വര്‍ണ്ണം കവര്‍ന്നതും ഇതേ സംഘമാണെന്നു വ്യക്തമായിട്ടുണ്ട്. നെക്രാജെ, ചേടിക്കാനയിലെ നഫീസയുടെ വീട്ടിലെ കവര്‍ച്ചയ്ക്കാണ് തുമ്പായത്. സംഭവദിവസം രാത്രി നഫീസയും കുടുംബവും തളങ്കരയിലെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. അന്നു രാത്രി തന്നെ സമീപത്തെ അടച്ചിട്ട മറ്റു രണ്ടു വീടുകളിലും കവര്‍ച്ചാശ്രമം നടന്നിരുന്നു