കാസര്‍കോട്: നിങ്ങളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, സിം, വ്യാജ ആധാര്‍ കാര്‍ഡുകള്‍, മയക്കുമരുന്ന് അടങ്ങിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ഫോണ്‍ വിളികള്‍ വരികയാണെങ്കില്‍ ശ്രദ്ധിക്കണമെന്ന് സൈബര്‍ പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരം വിളികള്‍ക്കു പിന്നില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാരാണെന്നും വിളിവന്നാല്‍ 1930 എന്ന നമ്പറില്‍ അറിയിക്കണമെന്നും സൈബര്‍ പൊലീസ് അറിയിച്ചു.
ഫോണ്‍ വിളിക്കുന്ന ആള്‍ ആധാര്‍ നമ്പരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പറഞ്ഞ് തന്ന് വിശ്വസിപ്പിക്കുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. പാഴ്‌സലിലെ സാധനങ്ങള്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാന്‍ ഫോണ്‍ സി ബി ഐയിലേയോ; സൈബര്‍ പൊലീസിലേയോ മുതിര്‍ന്ന ഓഫീസര്‍ക്ക് കൈമാറുന്നുവെന്നു പറഞ്ഞ് ഫോണ്‍ മറ്റൊരാള്‍ക്ക് കൈമാറുന്നുവെന്നും പറയുന്നതാണ് തട്ടിപ്പിന്റെ രണ്ടാമത്തെ ഘട്ടം. വിശ്വാസം വരുന്നതിനായി പൊലീസ് ഓഫീസര്‍ എന്നു തെളിയിക്കുന്നതിനു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകള്‍ എന്നിവ അയച്ചു തരും. ഐ ഡി കാര്‍ഡ് വിവരങ്ങള്‍ വെബ്‌സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പു വരുത്താനും പറയും. മുതിര്‍ന്ന പൊലീസ് ഓഫീസറുടെ യൂണിഫോം ധരിച്ചയാള്‍ വീഡിയോ കോളില്‍ വന്നായിരിക്കും ആവശ്യങ്ങള്‍ ഉന്നയിക്കുകയെന്നു സൈബര്‍ പൊലീസ് അറിയിച്ചു. തുടര്‍ന്ന് സമ്പാദ്യ വിവരങ്ങള്‍ നല്‍കാന്‍ പൊലീസ് ഓഫീസര്‍ എന്ന വ്യാജേന തട്ടിപ്പുകാരന്‍ ആവശ്യപ്പെടുന്നു. ഫോണ്‍ സ്വീകരിച്ചയാളുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കുന്ന വ്യാജ ഓഫീസര്‍, സമ്പാദ്യം മുഴുവന്‍ ഫിനാന്‍സ് വകുപ്പിന്റെ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്കായി അയച്ചു നല്‍കണമെന്നും വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാര്‍ ആവശ്യപ്പെടും. ഭീഷണി വിശ്വസിച്ച് തട്ടിപ്പുകാര്‍ അയച്ചു തരുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്ക് സമ്പാദ്യം മുഴുവന്‍ പോകുമെന്നും സൈബര്‍ പൊലീസ് അറിയിച്ചു. തുടര്‍ന്ന് തട്ടിപ്പു കാരില്‍ നിന്നുസന്ദേശങ്ങള്‍ ലഭിക്കാതിരിക്കുകയും തിരിച്ച് ബന്ധപ്പെടാന്‍ കഴിയാതെ വരികയും ചെയ്യുന്നതോടെയായിരിക്കും തട്ടിപ്പ് വ്യക്തമാവുകയെന്ന് കൂട്ടിച്ചേര്‍ത്തു.