കാസര്‍കോട്: പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 50 വര്‍ഷത്തെ കഠിനതടവിനും രണ്ടര ലക്ഷം പിഴയടക്കാനും കോടതി ശിക്ഷിച്ചു. മധൂര്‍ കോട്ടക്കണ്ണി സ്വദേശി സുരേഷ് എന്ന സുനിലിനെ(32)യാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 10 മാസം അധിക കഠിന തടവും അനുഭവിക്കണം. 2022 ജൂണ്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലേക്ക് അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടിയുടെ ബന്ധുകൂടിയാണ് പ്രതി. വീട്ടുകാരുടെ പരാതിയില്‍ കുമ്പള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് കുമ്പള ഇന്‍സ്‌പെക്ടറായിരുന്ന പി. പ്രമോദാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ. പ്രിയ ഹാജരായി.