കോഴിക്കോട്: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് വിട നല്‍കി കോഴിക്കോട് ഒരുങ്ങുന്നു. ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്ന് കണ്ണൂര്‍ തലശ്ശേരിയിലേക്കുള്ള വിലാപയാത്ര ആരംഭിച്ചു. കോഴിക്കോട് യൂത്ത് സെന്ററില്‍ ഇന്നലെയും ഇന്നുമായി ആയിരക്കണക്കിനുപേര്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ച ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. ഞായറാഴ്ച രാവിലെ 10.30 മുതല്‍ തലശ്ശേരി ടൗണ്‍ഹാളിലും ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകുന്നേരം 4 .30 വരെ ചൊക്ലി രാമവിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പൊതുദര്‍ശനം ഉണ്ടാകും. വൈകിട്ട് അഞ്ച് മണിക്ക് മേനപ്രം പുതുക്കുടിയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കെറ്റ് 30വര്‍ഷമായി കിടപ്പിലായിരുന്ന പുഷ്പന്‍ ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്. പുഷ്പനോടുളള ആദര സൂചകമായി കൂത്തുപറമ്പ്, തലശ്ശേരി നിയമസഭാ മണ്ഡലങ്ങളില്‍ സിപിഎം ഞായറാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്.