അപകടത്തിനിടെ എയര്‍ബാഗ് മുഖത്തമര്‍ന്ന് രണ്ട് വയസുകാരി ശ്വാസംമുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്. കുഞ്ഞും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെയായിരുന്നു ദാരുണ സംഭവമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് പടപ്പറമ്പ് പുളിവെട്ടിയില്‍ കുഞ്ഞും കുടുംബവും സഞ്ചരിച്ച കാറും എതിരേവന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മാതാവിന്റെ മടിയിലിയിരുന്ന കുട്ടി എയര്‍ ബാഗ് മുഖത്തമര്‍ന്നു. സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. കുട്ടിയുടെ മൃതദേഹം പടപ്പറമ്പ് ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ പിതാവ് രണ്ടുദിവസം മുന്‍പാണ് വിദേശത്തുനിന്ന് വന്നത്. കുട്ടിയുടെ പിതൃസഹോദരന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം. സഹോദരങ്ങള്‍: റൈഹാന്‍, അമീന്‍. കൊളത്തൂര്‍ പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചു. ഞായറാഴ്ച രാവിലെ മൃതദേഹം വീട്ടിലെത്തിക്കും.