കാസര്‍കോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്ന് വിദ്യാനഗര്‍ സ്വദേശിയെ കാറില്‍ തട്ടിക്കൊണ്ടു പോയി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ചവശനാക്കിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുമ്പള, ബംബ്രാണയിലെ മൂസ (51)യെ ആണ് കുമ്പള എസ്.ഐ കെ. ശ്രീജേഷും സംഘവും അറസ്റ്റു ചെയ്തത്. മറ്റൊരു പ്രതിയായ സിദ്ദിഖിനെ തെരയുന്നതായി പൊലീസ് പറഞ്ഞു. വിദ്യാനഗര്‍ സ്വദേശി സുലൈമാന്റെ പരാതി പ്രകാരമാണ് അറസ്റ്റ്. സെപ്തംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം. കുമ്പളയില്‍ നില്‍ക്കുകയായിരുന്ന സുലൈമാനെ സിദ്ദിഖും മൂസയും ചേര്‍ന്നു കാറില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. പണം ആവശ്യപ്പെട്ട് കാറിനകത്തു വച്ചും ബംബ്രാണ ഭാഗത്തുള്ള ഒരു കെട്ടിടത്തിന്റെ വരാന്തയില്‍ വച്ചും വടി കൊണ്ടു അടിക്കുകയും കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പറയുന്നു. പിറ്റേ ദിവസം രാവിലെ 8 മണിക്കാണ് മോചിപ്പിച്ചതെന്നു കൂട്ടിച്ചേര്‍ത്തു.