കാസര്‍കോട്: മൊഗ്രാല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന കായികമേള കൈയ്യാങ്കളിയില്‍ കലാശിച്ചു. സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സ്‌കൂള്‍ ഗൗണ്ടിലാരംഭിച്ച കൈയ്യാങ്കളി ദേശീയപാതയിലും തുടര്‍ന്നു. വിവരമറിഞ്ഞെത്തിയ കുമ്പള പൊലീസ് പത്തോളം വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അക്രമം ആരംഭിച്ചത്. ടീ ഷര്‍ട്ട് ധരിച്ച് ഗ്രൗണ്ടിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കാന്‍ അധ്യാപകര്‍ ശ്രമിച്ചതോടെ അധ്യാപകര്‍ക്കൊപ്പം പ്ലസ് ടു വിദ്യാര്‍ത്ഥികളും രംഗത്തെത്തുകയായിരുന്നുവെന്നു പറയുന്നു. മല്‍സരം നടക്കേണ്ട ഗ്രൗണ്ടില്‍ നിന്നു അധ്യാപകരും പിടിഎയും അക്രമികളെ പിന്തിരിപ്പിച്ചു. ഗ്രൗണ്ടില്‍ നിന്നിറങ്ങിയ അവര്‍ വഴിനീളെ തമ്മിലടിച്ചു. വിിവരമറിഞ്ഞാണ് പൊലീസ് എത്തിയത്. തങ്ങള്‍ക്ക് കായികമേളയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയില്ലെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ പിന്നീട് ആരോപിച്ചു. എന്നാല്‍ അത് ശരിയല്ലെന്ന് സംഘാടകര്‍ പറഞ്ഞു. കായികമേളയുടെ വിവരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനുള്ള തയ്യാറെടുപ്പ് മുന്‍കൂട്ടി നടത്തിയിരുന്നു. റെഡ്, ബ്ലൂ, ഗ്രീന്‍ എന്നിങ്ങനെ മൂന്നു ഹൗസുകളായി കുട്ടികളെ വേര്‍തിരിച്ചായിരുന്നു മല്‍സരം ഏര്‍പ്പെടുത്തിയതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ മല്‍സരം ആരംഭിച്ചശേഷം ടീ ഷര്‍ട്ട് ധരിച്ച ഏതാനും വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ വൈറ്റ് ഹൗസാണെന്നും തങ്ങള്‍ക്കും മല്‍സരിക്കണമെന്നും ആവശ്യപ്പെട്ടാല്‍ അതെങ്ങനെയാണ് അംഗീകരിക്കുകയെന്ന് സംഘാടകര്‍ ആരാഞ്ഞു.