പിപി ചെറിയാന്‍
ഗാര്‍ലാന്‍ഡ്: ഡാളസ് കേരള അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷത്തിലും ഓണസദ്യയിലും വടംവലി മത്സരത്തിലും കഠിനാദ്ധ്വാനം ചെയ്ത ദശക്കണക്കിന് വളണ്ടിയര്‍മാരെ അസോസിയേഷന്‍ ആദരിച്ചു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നു ശക്തരായ വടംവലി ടീമുകളെ ഉള്‍പ്പെടുത്തി നടത്തിയ ആവേശകരമായ വടംവലി മത്സരവും ചരിത്രത്തിലാദ്യമായി രണ്ടായിരത്തിലധികം ആളുകള്‍ക്ക് കേരളത്തനിമയില്‍ തികച്ചും സൗജന്യമായി വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കുന്നതിലും വളണ്ടിയര്‍മാര്‍ വഹിച്ച നിസ്തുല സേവനത്തെ ഭാരവാഹികള്‍ ഹൃദ്യമായി അഭിനന്ദിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഡാളസ് കേരള അസോസിയേഷന്‍ ഓഫീസില്‍ നടന്ന അഭിനന്ദന യോഗത്തില്‍ പ്രസിഡണ്ട് പ്രദീപ് നാഗനൂലില്‍ അധ്യക്ഷത വഹിച്ചു. പരിപാടികളുടെ വിജയത്തിനുവേണ്ടി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രസിഡന്റ് നന്ദി പറഞ്ഞു. തുടര്‍ന്നു ഗായകര്‍ ഹൃദ്യമായി ഗാനങ്ങള്‍ ആലപിച്ചു. യോഗത്തില്‍ വിനോദ് ജോര്‍ജ് സ്വാഗതവും, സെക്രട്ടറി മന്‍ജിത് കൈനിക്കര നന്ദിയും പറഞ്ഞു. ഡിന്നറും ഉണ്ടായിരുന്നു.