കാസര്‍കോട്: വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ കരിന്തളത്ത് ജനജീവിതം ദുഷ്‌കരമാകുന്നു. ജനങ്ങളുടെ ജീവനോപാധിയായ കാര്‍ഷിക വിളകള്‍ നശിപ്പിച്ചും, ജീവനുതന്നെ ഭീഷണിയുമാകുന്ന നിലയില്‍ വന്യമൃഗങ്ങള്‍ വിഹരിക്കുകയാണ് മേഖലയില്‍. കര്‍ഷകര്‍ ഏറെ അധ്വാനിച്ചും പണം ചെലവാക്കിയും പരിപാലിക്കുന്ന കാര്‍ഷിക വിളകള്‍ പന്നി ഉള്‍പ്പെടെയുള്ള കാട്ടുമൃഗങ്ങള്‍ നശിപ്പിക്കുന്നത് പാതിവായിരിക്കുകയാണ്. കപ്പ, വാഴ, ചേമ്പ്, പച്ചക്കറികള്‍ തുടങ്ങിയ കാര്‍ഷികവിളകള്‍ ഒന്നും തന്നെ കര്‍ഷകര്‍ക്ക് വിളവെടുക്കാന്‍ കിട്ടുന്നില്ല. ഇതിന്റെ ഭാഗമായി കൃഷി ചെയ്യാന്‍ കര്‍ഷകര്‍ തയ്യാറാകാതിരിക്കുകയും തൊഴിലാളികള്‍ക്ക് പണി ഇല്ലാതാവുകയും ചെയ്യുന്നു. പുലര്‍ച്ചെ ജോലിക്ക് പോകുന്ന ടാപ്പിംഗ് തൊഴിലാളികളെ പലപ്പോഴും പന്നി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. മീര്‍കാനത്തെ ടാപ്പിംഗ് തൊഴിലാളിയായ സോണി പന്നിയുടെ അക്രമണത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ഏറെ നാളായി ചികിത്സയിലാണ്. അതിനിടെ, കരിന്തളം പ്രദേശത്ത് പുലി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ഇറങ്ങി എന്ന പ്രചരണം ജനങ്ങളില്‍ വലിയ ഭീതിയാണ് പടര്‍ത്തിരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പന്നി ഉള്‍പ്പെടെയുള്ള കാട്ടുമൃഗങ്ങളെ വെടിവെക്കാന്‍ അനുവാദം നല്‍കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം ഉണ്ടെങ്കിലും അതൊന്നും വേണ്ട വിധത്തില്‍ പ്രായോഗികമാകുന്നില്ല. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന, ജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന വന്യമൃഗങ്ങളുടെ ശല്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കര്‍ഷക തൊഴിലാളി യൂണിയന്‍ കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 4 ന് കരിന്തളത്തുള്ള ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് ധര്‍ണയും നടത്തും. ഈ വിഷയത്തില്‍ അനന്തര നടപടി ഉണ്ടായില്ലെങ്കില്‍ തുടര്‍ന്ന് ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കെ.എസ്.കെ.ടി.യു വില്ലേജ് സെക്രട്ടറി എം ചന്ദ്രന്‍, പ്രസിഡണ്ട് കെ.ലെനിന്‍ പ്രസാദ് എന്നിവര്‍ അറിയിച്ചു.