തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദ്യാർത്ഥി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കുട്ടി കുളത്തില്‍ കുളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. കുട്ടിക്കൊപ്പം കുളത്തില്‍ കുളിച്ച മറ്റ് രണ്ട് സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്.
സെപ്റ്റംബർ ആദ്യം തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. രോഗലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പത്ത് പേര്‍ രോഗമുക്തി നേടുകയും ചെയ്തിരുന്നു. ആദ്യംതന്നെ കൃത്യമായി രോഗനിര്‍ണയം നടത്തിയും മില്‍ട്ടിഫോസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിച്ച് ഫലപ്രദമായ ചികിത്സ നല്‍കിയുമാണ് ഇത്രയുംപേരെ രക്ഷിക്കാന്‍ സാധിച്ചത്. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളിൽ നിന്ന് ശരീരത്തിൽ നിന്ന് കടക്കുന്ന നെഗ്ലേറിയ ഫൗലോമി എന്ന അമീബയാണ് രോഗത്തിന് കാരണമാകുന്നത്. കുളത്തിൽ കുളിക്കുമ്പോഴും മറ്റും മൂക്കിലെ കട്ടികുറഞ്ഞ തൊലിയിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന അമീബ പതിയുടെ തലച്ചോറിനെ ബാധിക്കുന്ന ജ്വരമായി മാറുന്നു. മരണസാധ്യത ഏറെയുള്ള രോഗാവസ്ഥയാണിത്. കൃത്യമായ ചികിത്സ നൽകിയാൽ രോഗിയെ ജീവിതത്തിലേയ്ക്ക് തിരികെയെത്തിക്കാം.