മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തില്‍ എട്ട് വര്‍ഷത്തെ സേവനത്തിന് ശേഷം സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ ജൂലി എന്ന നായ വിരമിച്ചു. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയാണ്. 2013 മാര്‍ച്ച് 26-നാണ് ജൂലിയെ വിമാനത്താവള സുരക്ഷാ വിഭാഗത്തില്‍ അംഗമായി ചേര്‍ത്തത്. ഡോഗ് സ്‌ക്വാഡിലെ നായ്ക്കള്‍ വിരമിക്കുമ്പോള്‍ നല്‍കാറുള്ള പുള്ളിങ് ഔട്ട് ചടങ്ങ് വെള്ളിയാഴ്ച വിമാനത്താവളത്തില്‍ നടത്തി. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ജൂലിയെ മാലയിട്ട്, കേക്ക് മുറിച്ച്, പൂക്കള്‍ കൊണ്ട് അലങ്കരിച്ച ഒരു ചെറിയ ട്രോളിയില്‍ കയറ്റി ആദരിച്ചു. ജൂലിയുടെ അര്‍പ്പണബോധമുള്ള സേവനത്തിന് ആദരവ് പ്രകടിപ്പിച്ച് എല്ലാ ജീവനക്കാരും ട്രോളി വലിച്ചു. ജൂലിയെ പിന്നീട് പരിശീലകനും സിഐഎസ്എഫ് ഉദ്യോഗസ്ഥനുമായ കുമാര്‍ ദത്തെടുത്തു. ജൂലിക്ക് പകരം റാഞ്ചിയിലെ സിഐഎസ്എഫ് ഡോഗ് സ്‌ക്വാഡ് പരിശീലന കേന്ദ്രത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 11 മാസം പ്രായമുള്ള റിയോ എന്ന നായയെ വിമാനത്താവളത്തിലെ സുരക്ഷാ സേനയില്‍ അംഗമാക്കി. നിലവില്‍ വിമാനത്താവളത്തിന്റെ ഡോഗ് സ്‌ക്വാഡില്‍ റിയോ, ഗോള്‍ഡി, മാക്‌സ്, റേഞ്ചര്‍ എന്നീ നായകളുണ്ട്.