പനിക്ക് കുത്തിവെപ്പ് എടുത്തതിനെ തുടര്‍ന്ന് ഏഴുവയസുകാരന്‍ മരിച്ചു. കര്‍ണാടകയിലെ ചിക്കമംഗളൂരു അജ്ജംപുര ടൗണിന് സമീപമുള്ള കെഞ്ചപുരയിലെ സോനേഷാ(7)ണ് മരിച്ചത്. അമിത ഡോസ് മരുന്ന് കുത്തിവച്ചതാണ് മരണത്തിന് കാരണമെന്നാരോപിച്ച് പിതാവ് അശോകന്‍ ഡോക്ടര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. കടുത്ത പനിയെ തുടര്‍ന്ന് സോനേഷിനെ മാതാപിതാക്കള്‍ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ ക്ലിനിക്കിലെ ഡോ.വരുണ്‍ സോനേഷിന്റെ മുതുകില്‍ കുത്തിവയ്പ് നല്‍കി വീട്ടിലേക്കയച്ചതായി അശോക് പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ പുറകില്‍ കുമിളകള്‍ വീര്‍ത്തുവന്നു. കഠിനമായ വേദനയും വന്നു. തുടര്‍ന്ന് ശിവമോഗയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. വെള്ളിയാഴ്ച ആശുപത്രിയില്‍ മരിച്ചു. ഡോ.വരുണിന് ആയുര്‍വേദ മെഡിസിന്‍ ആന്‍ഡ് സര്‍ജറി (ബിഎഎംഎസ്) ബിരുദമുണ്ടെന്നും രോഗികള്‍ക്ക് കുത്തിവയ്പ്പ് നല്‍കാനുള്ള അധികാരമില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി ഡോക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.