കാസര്‍കോട്: മരിച്ച നിലയില്‍ കിണറ്റില്‍ കാണപ്പെട്ട പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ബേഡകം എസ്.ഐ അരവിന്ദന്റെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷമാണ് മൃതദേഹം പരിയാരത്തേക്ക് കൊണ്ടു പോയത്.
കുണ്ടംകുഴി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ബേഡഡുക്ക, കാമലം തെക്കേക്കരയിലെ അശ്വതി (17)യെ ഇന്നലെ രാത്രിയോടെയാണ് വീടിനു സമീപത്തെ ആള്‍താമസമില്ലാത്ത വീട്ടുപറമ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു. അന്വേഷിക്കുന്നതിനിടയിലാണ് കിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്. ഫയര്‍ഫോഴ്‌സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. സ്‌കൂള്‍ ബാഗ് കിണറിനു സമീപത്തു നിന്നു കണ്ടെത്തി. പഠിക്കാന്‍ മിടുക്കിയായിരുന്ന അശ്വതി എന്തിനാണ് ഈ കടുംകൈ ചെയ്തതെന്ന് അറിയാതെ കണ്ണീരൊഴുക്കുകയാണ് വീട്ടുകാരും സഹപാഠികളും നാട്ടുകാരും.