എത്ര അര്‍ത്ഥവത്താണല്ലേ ഈ വരികള്‍. കേള്‍ക്കുമ്പോള്‍ തന്നെയറിയാം, എഴുതിയത് സ്ത്രീകളെക്കുറിച്ചാണ്.
പറഞ്ഞത് പോലെ തന്നെ അവരെ മനസ്സിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും എന്റെ ജീവിതയാത്രയില്‍ ഞാന്‍ കണ്ടുമുട്ടിയ ചുരുക്കം ചില സ്ത്രീകളുടെയൊക്കെ കഴിവുകള്‍ പലതും മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. കണ്ടെത്തല്‍ അല്‍പം പ്രയാസമാണെങ്കിലും, ചുഴിഞ്ഞ് അന്വേഷിച്ചാല്‍ ആ കഴിവുകളുടെ ചുരുള്‍ നിവര്‍ത്താനാവും. പല സ്ത്രീകളും അവര്‍ക്ക് നേട്ടമുണ്ടാകാനുള്ള സമീപനമാണ് സാധാരണയായി സ്വീകരിക്കുക.
പിന്നെ സ്‌നേഹത്തിനു വേണ്ടി, സമാധാനത്തിനു വേണ്ടി, സമ്പത്തിന് വേണ്ടി, പേരിനു വേണ്ടി, സുഖത്തിന് വേണ്ടിയൊക്കെ അവര്‍ പല വഴികളും കണ്ടെത്തും. അതിന് വേണ്ടി അവരുടെ നോട്ടവും ചിരിയും സംസാരവും കരച്ചിലും സങ്കടം പറച്ചിലും ഗമ കാണിക്കലും വേഷഭൂഷാദികളും തുടങ്ങി നിരവധി പ്രയോഗങ്ങള്‍ അവര്‍ നടത്തും.
ഈ കാര്യങ്ങളൊക്കെ പ്രത്യക്ഷത്തിലാണെങ്കിലും ചിലപ്പോള്‍ അവരുടെ സമീപനത്തില്‍ നമുക്കൊന്നും പിടികിട്ടില്ല.
കാലാന്തരത്തില്‍ ആ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു അവരുടെ ആ സമീപനങ്ങളെന്ന് നമ്മള്‍ തിരിച്ചറിയും.
അങ്ങനെ കിട്ടിയ ഒരനുഭവത്തിലൂടെ ഞാന്‍ പഠിച്ചെടുത്ത കാര്യങ്ങള്‍ ഒന്നയവിറക്കാന്‍ മാത്രമാണ് ഇതിലൂടെയുള്ള എന്റെ ശ്രമം. സാങ്കല്‍പിക പേരുകള്‍ നല്‍കിക്കൊണ്ട് ഞാനാ അനുഭവം നിങ്ങളോട് പങ്കുവെക്കുകയാണ്.
ഈ കഥാപാത്രങ്ങളെയൊന്നും ഞാന്‍ അന്വേഷിച്ചു പോയി കണ്ടെത്തിയതല്ല. മറിച്ച് അവരെല്ലാം ഓര്‍ക്കാപ്പുറത്ത് എന്റെ മുന്നിലേക്ക് കടന്നു വന്നവരാണ്.
സുനിതയെ ഒരു യോഗത്തിനിടയിലാണ് ഞാന്‍ ആദ്യമായി കാണുന്നത്. കാഴ്ചയില്‍ ഒരു ഇരുപത് വയസ്സ് തോന്നിപ്പിക്കുന്ന സുന്ദരിയായി യുവതി. കുടുംബത്തില്‍ സര്‍വ്വസാധാരണയായി ഉണ്ടാകുന്ന പ്രശ്‌നങ്ങളും അതിനുള്ള പരിഹാര നിര്‍ദ്ദേശങ്ങളുമായിരുന്നു ഞാനാ യോഗത്തില്‍ സംസാരിച്ചത്. ക്ലാസ്സ് കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ സുനിത എന്നെ സമീപിച്ചു കൊണ്ട് ഒരാവശ്യമുന്നയിച്ചു.
‘മാഷ് ഇപ്പൊ പറഞ്ഞതില്‍ പല പ്രശ്‌നങ്ങളും ഞങ്ങള്‍ താമസിക്കുന്ന ഏരിയയിലുള്ള നിരവധി കുടുംബങ്ങള്‍ ഇപ്പോ അനുഭവിക്കുന്നുണ്ട്. മാഷിന് ഒരു ദിവസം ഞങ്ങളുടെ പ്രദേശത്ത് വരാന്‍ പറ്റുമോ.? മാഷിന്റെ സൗകര്യത്തിനും സമയത്തിനും മതി. അതെപ്പോ ആയാലും ഞങ്ങള്‍ തയ്യാറാണ്. എന്റെ വീട്ടില്‍ വച്ച് മീറ്റിംഗ് നടത്താം. ‘സുനിതയുടെ താല്‍പര്യം കണ്ടപ്പോള്‍ പോക്കറ്റ് ഡയറിയെടുത്ത് ഞാന്‍ മറിച്ചു നോക്കി. ഒഴിവുള്ള തീയതി അപ്പൊത്തന്നെ നിശ്ചയിച്ചു.
ആ ദിവസം ഉച്ചയ്ക്ക് മുമ്പ് ഞാന്‍ വരാമെന്ന് അവരോട് പറയുകയും ചെയ്തു. ഏറ്റത് പോലെ തന്നെ കൃത്യസമയത്ത് ഞാന്‍ സുനിതയുടെ വീട്ടിലെത്തി. വയലിലൂടെ നടന്നു കയറുന്നത് സുനിതയുടെ വീട്ടിലേക്കാണ്. വീടിന്റെ എതിര്‍വശം കുന്നിന്‍ പുറമാണ്. അന്ന് വേനല്‍ക്കാലമായിരുന്നു. ചെറിയ ഓടിട്ട വീട്. മുറ്റത്ത് മെടഞ്ഞ ഓലകൊണ്ട് പന്തല്‍ ഇട്ടിട്ടുണ്ട്.
ചാണകം മെഴുകിയ തറ. വയലില്‍ നിന്ന് ഇളം കാറ്റ് വീശി വരുന്നുണ്ട്. നാല്‍പതോളം പേര്‍ അവിടെ കൂടിയിട്ടുണ്ട്. മൊത്തത്തില്‍ സമൂഹത്തില്‍ നടക്കുന്ന കുടുംബ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ചപ്പോള്‍ മിക്കപേരും അവര്‍ക്കും അത്തരം അനുഭവങ്ങളുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു.
സുനിത ഒഴികെയുള്ളവരൊക്കെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചു. 12 മണി വരെ ചര്‍ച്ച നടത്തുകയുണ്ടായി യോഗത്തില്‍ സന്നിഹിതരായവരൊക്കെ പിരിഞ്ഞു. ആ വീട്ടില്‍ സുനിതയും അവളുടെ പ്രായമായ അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സുനിതയുടെ രണ്ട് പെണ്‍കുട്ടികള്‍ അച്ഛന്റെ വീട്ടിലേക്ക് പോയിരുന്നു.
‘ഉച്ചയായില്ലേ മാഷേ ഭക്ഷണം കഴിച്ചിട്ട് പോകാം.’
യാത്ര പറഞ്ഞു പോകാന്‍ തുടങ്ങിയപ്പോ സുനിത എന്നോട് പറഞ്ഞു. ‘വേണ്ട ഞാന്‍ വീട്ടിലെത്തിയിട്ട് കഴിച്ചോളാമെന്ന് ഞാന്‍ മറുപടി പറയുകയും ചെയ്തു. ‘അതെന്താ മാഷെ ഞങ്ങള്‍ പാവപ്പെട്ടവര്‍ ആയതു കൊണ്ടാണോ.?’
സുനിതയുടെ മറുപടി കേട്ടപ്പോള്‍ എനിക്കെന്തോ വല്ലാത്ത വിഷമം തോന്നി. ഞാന്‍ കഴിക്കുമെന്ന പ്രതീക്ഷയില്‍ സുനിത ഭക്ഷണമൊക്കെ റെഡിയാക്കി വെച്ചിരുന്നു. അങ്ങനെ അവളുടെ നിര്‍ബന്ധത്തില്‍ വഴങ്ങി ഞാനവിടെ നിന്ന് ഭക്ഷണം കഴിച്ചു. വിഭവസമൃദ്ധമായ ഭക്ഷണമായിരുന്നു. കഴിച്ച് പുറത്തേക്കിറങ്ങിയ എന്റെ കൂടെ സുനിതയും നടന്നു.
‘ബസ്റ്റോപ്പ് വരെ ഞാനും വരാം.’ അതായിരുന്നു അവളുടെ പറച്ചില്‍. പക്ഷെ വയലിന്റെ മധ്യഭാഗത്തുള്ള തോട്ടിന്‍ കരയിലുള്ള തെങ്ങിന്‍ തണലിലെത്തിയപ്പോ അവളവിടെ നിന്നു. ‘മാഷേ കൂട്ടത്തില്‍ നിന്ന് പറയാന്‍ പറ്റാത്തത് കൊണ്ടാണ് മിണ്ടാതിരുന്നത്.
പതിനേഴാമത്തെ വയസില്‍ വിവാഹിതയായതാണ് ഞാന്‍. ഇപ്പോ രണ്ട് പെണ്‍മക്കളുടെ അമ്മയും.
അദ്ദേഹം വിദേശത്താണ്. കഴിഞ്ഞ വരവിന് വരുമ്പോള്‍ ഒരു ബംഗാളി വനിതയും കൊണ്ടാണ് വന്നത്.
എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അന്ന് കുട്ടികളെയുമെടുത്ത് ഒരു പൊട്ടക്കിണറ്റില്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതാണ് ഞാന്‍. പക്ഷെ എന്റെ കുഞ്ഞുമക്കള്‍ എന്നെ ആ ശ്രമത്തില്‍ നിന്ന് പിന്‍വലിച്ചു.
ഇന്ന് തനിച്ചുള്ള പോരാട്ടമാണ്. അവരെ വളര്‍ത്തണ്ടേ. മാഷ് എന്തെങ്കിലും ഒരു വഴി പറഞ്ഞു തരണം.’
കണ്ണീരോടെ അവളത് പറഞ്ഞവസാനിപ്പിച്ചപ്പോള്‍ വല്ലാത്ത വേദനയോടെയാണ് ഞാനവിടുന്ന് മടങ്ങിയത്.
സഹതാപമര്‍ഹിക്കുന്ന അവരുടെ ആ വാക്കുകള്‍ എന്നില്‍ സഹായിക്കാനുള്ള വഴി അന്വേഷിക്കാന്‍ പ്രേരണയായി. ആ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നാളുകള്‍ക്കകം ഒരു ഓഫീസില്‍ ചെറിയൊരു ശമ്പളത്തിന് അവള്‍ ജോലിയില്‍ കയറി. അതില്‍ പിടിച്ച് അവള്‍ മുന്നോട്ട് നീങ്ങി തുടങ്ങി. സഹായിച്ചതിന്റെ പ്രതികരണമെന്നോണം അനിത വൈകാതെ എന്റെ കുടുംബ സുഹൃത്തായി മാറി. സുഖദുഃഖങ്ങള്‍ പരസ്പരം പങ്കുവെച്ചു. അതോടെ പല ഓഫീസര്‍മാരുമായി ഇടപെടാനുള്ള അവസരം അവള്‍ക്കുണ്ടായി. അത്തരക്കാരുടെ സഹായത്തോടെ കമ്പനികളില്‍ പലതിലും ജോലി മാറി കയറി കൊണ്ടിരുന്നു. ഉയര്‍ന്ന ശമ്പളം നല്ല ജീവിത രീതിയൊക്കെ വന്നു തുടങ്ങി. അതോടെ അവളും മാറി തുടങ്ങി.
ഞാന്‍ മുഖേനയാണ് ഇങ്ങനെ പിടിച്ചു കയറാനുള്ള വഴി ഒരുക്കിയതെന്ന് പറയാന്‍ പോലും മടിയായി.
മനുഷ്യനല്ലേ സാഹചര്യങ്ങള്‍ മാറിമറിഞ്ഞപ്പോള്‍ മനസ്സും മാറിക്കാണും. അതിലൊന്നും എനിക്കൊരു വിഷമവും തോന്നിയിരുന്നില്ല. പക്ഷേ എന്നെ വല്ലാതെ വേദനിപ്പിച്ച മറ്റൊരു സംഭവം അവളില്‍ നിന്നുണ്ടായി.
അവളിപ്പോള്‍ ജോലി ചെയ്യുന്ന കമ്പനി എം.ഡിയുമായുള്ള അടുപ്പം വഴി മാറി പോകുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഞാനത് നല്ല ഉദ്ദേശം കൊണ്ട്,തടയാന്‍ ശ്രമം നടത്തി. പക്ഷേ അവള്‍ക്കത് അത്ര രസിച്ചില്ല.
പെണ്‍കുട്ടിയല്ലേ,അസൂയ കൊണ്ടാണെന്ന് അവള്‍ കരുതി കാണണം. അതിന് എന്നെ തടയിടാന്‍ അവളൊരു വഴി കണ്ടുപിടിച്ചു. അവളും എം.ഡിയും തമ്മിലുള്ള ബന്ധമില്ലാതാക്കാന്‍ ഞാന്‍ ഒരു ഊമ കത്തെഴുതിയെന്ന് അവള്‍ പ്രചരിപ്പിച്ചു. ഊമക്കത്തെഴുതിയത് അവള്‍ തന്നെയാണെന്ന കാര്യത്തില്‍ എനിക്കൊരു സംശയമില്ലായിരുന്നു.
പക്ഷെ അതാരും വിശ്വസിച്ചില്ല. അതോടെ ഞാനും കമ്പനി എം.ഡിയുമായുള്ള സ്‌നേഹബന്ധമില്ലാതായി.
വീണ് കിടന്ന ഒരാള്‍ക്ക് കൈത്താങ്ങ് കൊടുത്തതിന് എനിക്ക് കിട്ടിയ സമ്മാനം. അല്‍പം വിഷമം തോന്നിയെങ്കിലും ഞാനത് വിട്ടു കളഞ്ഞു. നന്ദി മാത്രം പ്രതീക്ഷിച്ചല്ലല്ലോ പലപ്പോഴും നമ്മള്‍ പലതും ചെയ്തു പോകുന്നത്.