തൃശൂര്‍: തൃശൂരില്‍ മൂന്നിടങ്ങളില്‍ എടിഎം കവര്‍ച്ച. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. കാറിലെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്ത് പണം കവരുകയായിരുന്നു. അറുപത്തഞ്ച് ലക്ഷത്തോളം രൂപ നഷ്ടമായതായാണ് പ്രാഥമിക നിഗമനം. സിസിടിവി ക്യാമറകളില്‍ കറുത്ത പെയിന്റ് അടിച്ച് മറച്ച ശേഷമാണ് കവര്‍ച്ച നടത്തിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. വെളുത്ത കാറിലെത്തിയ നാലംഗ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നില്‍. എത്തിയത് പ്രഫഷനല്‍ മോഷ്ടാക്കളാണെന്നാണു വിവരം. മുഖംമൂടി ധരിച്ച സംഘം ക്യാമറകള്‍ നശിപ്പിച്ചിട്ടില്ല. എടിഎം മോഷണത്തില്‍ കൃത്യമായ ധാരണയുള്ള സംഘമാണ് സംഭവത്തിനു പിന്നിലെന്നു കരുതുന്നു. കവര്‍ച്ച സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി കമ്മീഷണര്‍ അറിയിച്ചു. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. അയല്‍ ജില്ലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.