പയ്യന്നൂര്‍: സാമൂഹിക രാഷ്ട്രീയ മണ്ഡലത്തില്‍ നിറസാന്നിധ്യമായി എം.എല്‍.എ, ഡി.സി.സി. പ്രസിഡന്റ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വമായി നിലകൊണ്ട കെ.പി.കുഞ്ഞിക്കണ്ണന് നാടിന്റെ അന്ത്യാഞ്ജലി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ അന്നൂര്‍ മൂരിക്കൊവ്വല്‍ ശാന്തിസ്ഥലയില്‍ ഔദ്യോഗീക ബഹുമതികളോടെ സംസ്‌കാരം നടന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ സ്പീക്കര്‍ എം വിജയകുമാര്‍, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ പ്രമുഖ കോണ്‍ഗസ് നേതാക്കളും പ്രവര്‍ത്തകരും സംസ്‌കാര ചടങ്ങിന് പയ്യന്നൂരിലെത്തിയിരുന്നു. വ്യാഴാഴ്ച കണ്ണൂര്‍ ഡിസിസി ഓഫീസിലും കാസര്‍കോട് ഡിസിസി ഓഫീസിലും പൊയിനാച്ചി, ബേക്കല്‍ പെരിയ റോഡ് ജംങ്ഷന്‍, കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനം, നീലേശ്വരം, മടക്കര, പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. രാത്രി പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലെത്തിച്ചു. വിവിധ സ്ഥലങ്ങളില്‍ നടന്ന അന്ത്യോപചാര ചടങ്ങുകളില്‍ മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി തങ്ങള്‍, എംഎല്‍എമാരായ ഇ ചന്ദ്രശേഖരന്‍, സിഎച്ച് കുഞ്ഞമ്പു, എന്‍എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, മുന്‍ എംപി പി കരുണാകരന്‍, മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്‍, മുന്‍ മന്ത്രി സിടി അഹമ്മദലി, വിവിധ കക്ഷി നേതാക്കളായ എംവി ബാലകൃഷ്ണന്‍, കെപി സതീഷ് ചന്ദ്രന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെവി കൃഷ്ണന്‍, ഹരീഷ് ബി നമ്പ്യാര്‍, കെ നീലകണ്ഠന്‍, സുബ്ബയ്യ റായി, എം അസിനാര്‍, അഷറഫ് അലി, മീനാക്ഷി ബാലകൃഷ്ണന്‍, അഹമ്മദ് ഷെരീഫ് തുടങ്ങിയവര്‍ പരേതന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.