കാര്‍വാര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മൃതദേഹം അര്‍ജുന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മൃതദേഹം കൈമാറിയത്. മൃതദേഹവുമായി അര്‍ജുന്റെ സഹോദരന്‍ അടക്കമുള്ള സംഘം കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടു.സതീഷ് സെയില്‍ എംഎല്‍എ, കാര്‍വാര്‍ എസ്പി നാരായണ ഉള്‍പ്പെടെയുള്ളവരും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. അപകടം നടന്ന സ്ഥലത്ത് ആംബുലന്‍സ് അഞ്ച് മിനിറ്റ് നിര്‍ത്തിയിടും. അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് പൂര്‍ണമായും വഹിക്കുന്നത് കര്‍ണാടക സര്‍ക്കാരാണ്. ഇതിന് പുറമേ കര്‍ണാടക സര്‍ക്കാരിന്റെ ധനസഹായമായ അഞ്ച് ലക്ഷം രൂപയും അര്‍ജുന്റെ കുടുംബത്തിന് കൈമാറും. നാളെ രാവിലെയോടെ അര്‍ജുന്റെ മൃതദേഹം കോഴിക്കോട്ടെ കണ്ണാടിക്കലിലെ വീട്ടില്‍ എത്തിക്കും. എട്ട് മണി മുതല്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. പതിനൊന്ന് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. കര്‍ണാടക സര്‍ക്കാരിന്റെ ധനസഹായമായ അഞ്ച് ലക്ഷം രൂപയും അര്‍ജുന്റെ കുടുംബത്തിന് കൈമാറും. മൃതദേഹം വഹിച്ചുള്ള ആംബുലൻസ് കാസർകോട് ജില്ലയിലൂടെ ഇന്ന് രാത്രി കടന്നു പോകുമ്പോൾ പുതിയ ബസ് സ്റ്റാൻഡിൽ വച്ച് ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ ആദരാഞ്ജലികൾ അർപ്പിക്കും. .