മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും തുറന്നടിച്ച് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. വ്യാഴാഴ്ച താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കല്ല മുഖ്യമന്ത്രി ഇന്നു രാവിലെ മറുപടി പറഞ്ഞതെന്നു വെള്ളിയാഴ്ച ഉച്ചയോടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം. ഈ ആവശ്യമുന്നയിച്ച് അടുത്തയാഴ്ച ഹൈക്കോടതിയെ സമീപിക്കും. മുഖ്യമന്ത്രിയില്‍ ഇനി ഒരു പ്രതീക്ഷയുമില്ല. കോടതികളില്‍ മാത്രമാണ് വിശ്വാസം. തനിക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ചും അന്വേഷിക്കട്ടെ. എം.എല്‍.എ ആയതിനു ശേഷം സര്‍ക്കാര്‍ ചെലവില്‍ ഒരു പാരസെറ്റമോള്‍ ഗുളിക പോലും താന്‍ വാങ്ങിച്ചിട്ടില്ല. ശമ്പളത്തില്‍ നിന്നു ഒരു രൂപ പോലും സ്വന്തം ആവശ്യത്തിനു എടുത്തിട്ടില്ല. സ്വന്തം ചികിത്സക്കായി അമേരിക്കയിലേക്ക് പോയിട്ടില്ല. ആരോപണങ്ങളെല്ലാം ഇപ്പോള്‍ തനിക്കെതിരെ തിരിച്ചു കൊണ്ടിരിക്കുകയാണ്. കേരളം വലിയൊരു വിപത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവിടെ രാഷ്ട്രീയ നേതാക്കളെല്ലാം ഒറ്റക്കെട്ടാണ്. എല്‍.ഡി.എഫ് പുറത്താക്കിയാല്‍ തറയിലിരിക്കും-അന്‍വര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂദെല്‍ഹിയില്‍ വാര്‍ത്താ ലേഖകരെ കണ്ടതിനു തൊട്ടുപിന്നാലെയാണ് അന്‍വര്‍ മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.