കണ്ണൂര്‍: മാഹിയില്‍ നിന്നു നികുതി വെട്ടിച്ച് ഡീസല്‍ കടത്തുന്നത് തടയാന്‍ ശ്രമിച്ച ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരെ കാറില്‍ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ചൊക്ലിക്കടുത്തെ കരിയാടാണ് സംഭവം. ജി.എസ്.ടി.യുടെ തലശ്ശേരി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാറില്‍ ഡീസല്‍ കടത്തിനുപയോഗിച്ച കണ്ടെയ്‌നര്‍ ലോറിയിടിച്ചാണ് അക്രമം നടത്തിയത്.
കണ്ടെയ്‌നര്‍ ലോറിയില്‍ മാഹിയില്‍ നിന്നു ഡീസല്‍ കടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയത്. ബൊലേറോ വാഹനത്തില്‍ എത്തിയ ഉദ്യോഗസ്ഥര്‍ കരിയാട് റോഡരുകില്‍ കാത്തിരുന്നു. ഇതിനിടയില്‍ എത്തിയ കണ്ടെയ്‌നര്‍ ലോറിക്കു കൈ കാണിച്ചപ്പോള്‍ കാറില്‍ ഇടിച്ചു സംഘം ലോറിയുമായി രക്ഷപ്പെട്ടു. ലോറിയെ പിന്‍തുടര്‍ന്ന് പിടികൂടാനുള്ള ശ്രമത്തിനിടയില്‍ എസ്‌കോര്‍ട്ടായി എത്തിയ കാറില്‍ ഉണ്ടായിരുന്നവര്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞതായും പരാതിയില്‍ പറഞ്ഞു. ജി.എസ്.ടി ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാറിന്റെ പരാതിയില്‍ ചൊക്ലി പൊലീസ് ഡീസല്‍ കടത്തുകാര്‍ക്കെതിരെ കേസെടുത്തു.
സെപ്തംബര്‍ 22ന് ഇതേ കണ്ടെയ്‌നര്‍ ലോറിയില്‍ ഡീസല്‍ കടത്തുന്നത് പിടികൂടിയിരുന്നു. അന്ന് 1,80,000 രൂപ ജി.എസ്.ടി പിഴ ചുമത്തിയിരുന്നു.