ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പെട്ട് കാണാതായ അര്‍ജുന്റെ ലോറിക്കുള്ളില്‍ കണ്ടത് ആരുടെയും കണ്ണുനനയിപ്പിക്കുന്ന കാഴ്ച. പൊന്നുമകനുവേണ്ടി യാത്രക്കിടെ വാങ്ങിയ കളിപ്പാട്ടങ്ങള്‍ ലോറിക്കുള്ളില്‍ നിന്ന് കണ്ടെടുത്തു. അര്‍ജുന്റെ രണ്ട് മൊബൈല്‍ ഫോണുകള്‍, വാച്ച്, ബാഗ്, രണ്ടുജോഡി ചെരിപ്പുകള്‍ എന്നിവ കണ്ടെടുത്തു. ലോറി കരക്കെത്തിച്ച് ചെളി നീക്കം ചെയ്‌തോടെയാണ് അര്‍ജുന്റെ വസ്ത്രങ്ങളും സാധനങ്ങളും കണ്ടെടുത്തത്. അര്‍ജുന്‍ യാത്രക്കിടെ ഉപയോഗിക്കുന്ന ഗ്യാസ് അടുപ്പും പാത്രങ്ങളും ലഭിച്ചിട്ടുണ്ട്. ഇതല്ലാം അര്‍ജുന്റെ തന്നെയാണെന്ന് സഹോദരന്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് ലോറിയെ ക്രെയിനുകള്‍ ഉപയോഗിച്ച് കരക്കെത്തിച്ചത്. 11 മണിയോടെ ലോറി പൂര്‍ണമായും റോഡിലെത്തിച്ചു. ലോറിയില്‍ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങളില്‍ നിന്നെടുത്ത സാംപിള്‍ ഹുബ്ലിയിലെ റീജണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അസ്ഥികള്‍ മംഗളൂരുവിലെ ലാബിലേക്കും അയച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനാഫലം നാളെ ഉച്ചയ്ക്ക് ലഭിക്കും. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. കാണാതായ മറ്റ് രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.