കാസര്‍കോട്: മൂന്നു മാസം ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മംഗല്‍പാടി പഞ്ചായത്തിലെ കയ്യാര്‍, കണ്ണാടിപ്പാറ, ശാന്തിയോട് ഹൗസിലെ ജനാര്‍ദ്ദന(39)നെയാണ് കുമ്പള എസ്.ഐ വി.കെ വിജയന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ജനാര്‍ദ്ദനയുടെ ഭാര്യ കര്‍ണ്ണാടക, വാമഞ്ചൂര്‍, പിലിക്കുള സ്വദേശിനിയായ വിജയത (32)യെ ആഗസ്ത് മാസം 18ന് രാത്രിയിലാണ് വീട്ടിനകത്ത് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിജയത എഴുതിവച്ച ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിരുന്നു. മൂന്നു മാസം ഗര്‍ഭിണിയായ തന്നെ ഭര്‍ത്താവ് നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. കുറിപ്പ് കസ്റ്റഡിയിലെടുത്ത പൊലീസ് വിശദമായ അന്വേഷണം നടത്തിയ ശേഷം ജനാര്‍ദ്ദനനെ ബുധനാഴ്ച കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. ഒന്നരവര്‍ഷം മുമ്പാണ് ജനാര്‍ദ്ദനയും വിജയതയും തമ്മില്‍ വിവാഹിതരായത്.