മംഗളൂരുവിലെ ആശുപത്രിയിലേക്ക് വിദഗ്ദ്ധ ചികില്‍സയ്ക്കായി രോഗിയെയും കൊണ്ടുപോവുകയായിരുന്ന ആംബുലന്‍സ് മറിഞ്ഞു. രോഗി മരിച്ചു. മൂന്നുപേര്‍ക്ക് പരിക്ക്. പുത്തൂര്‍ കഡബ ഹളനേരങ്കിയില്‍ താമസിക്കുന്ന ദാസപ്പ റായി(65) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ പുത്തൂര്‍ -മംഗളൂരു പാതയില്‍ കണ്ണൂര്‍ മസ്ജിദിന് സമീപമാണ് അപകടം. ചൊവ്വാഴ്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദാസപ്പ റായിയെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം റായിയെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് പുലര്‍ച്ചേ മൂന്നു മണിയോടെ മംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ദാസപ്പ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പരിക്കേറ്റ ഭാര്യ നാളിനി റായി, മകന്‍ ഹര്‍ഷിത്ത്, ബന്ധു മനീഷ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ആംബുലന്‍സ് പൂര്‍ണമായും തകര്‍ന്നു. ട്രാഫിക് സൗത്ത് പൊലീസ് കേസെടുത്തു.