കാസര്‍കോട്: പൈവളികെയില്‍ വീണ്ടും വന്‍ മയക്കുമരുന്നു വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 29.60 ഗ്രാം എംഡിഎംഎയുമായി നാലുപേര്‍ പിടിയിലായി. ബായാര്‍ സ്വദേശികളായ മുഹമ്മദ് അശ്രഫ്(21), അഹമ്മദ് ഷമ്മാസ്(20), കോടിബയല്‍ സ്വദേശി മുഹമ്മദ് നവാസ്(30), കര്‍ണാടക ബണ്ട് വാള്‍ സ്വദേശി മുഹമ്മദ് ഇസാഖ്(20) എന്നിവരെയാണ് പിടികൂടിയത്. കാസര്‍കോട് ഡി.വൈ.എസ്.പിയുടെ പ്രത്യേക സ്‌ക്വാഡും മഞ്ചേശ്വരം പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെ കളായില്‍ വച്ചാണ് പ്രതികളെ വാഹന സഹിതം പിടികൂടിയത്. കാര്‍ കസ്റ്റഡിയിലെടുത്തു. ഒരാഴ്ച മുമ്പ് ഉപ്പള പത്വാടിയില്‍ വച്ച് 3.49 കിലോ എംഡിഎംഎയും 96.96 ഗ്രാം കൊക്കൈനും പേസ്റ്റ് രൂപത്തിലുള്ള ലഹരി മരുന്നുകളും ഒരു വീട്ടില്‍ വച്ച് പിടികൂടിയിരുന്നു. ഇതില്‍ പിടികൂടിയ അസ്‌കര്‍ അലിയുമായി ബന്ധമുള്ളവരെയാണ് ഇന്ന് പിടികൂടിയിട്ടുള്ളതെന്നാണ് വിവരം.