കാസർകോട്: കോഴിക്കോട് കൊടുവള്ളിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്തിയോട് സ്വദേശിനി മരണപ്പെട്ടു. മേർക്കള പരപ്പ ഹൗസിലെ സിദ്ദിഖിന്റെ ഭാര്യ തസ്ലീമ (28) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 24ന് രാത്രി കോഴിക്കോട് കൊടുവള്ളിയിൽ വച്ചാണ് അപകടം ഉണ്ടായത്. വയനാട്ടിൽ ഒരു കട സന്ദർശിച്ച ശേഷം രാത്രി മടവൂർ ദർഗ സന്ദർശിക്കാൻ പോകവേയാണ് അപകടം. കൊടുവള്ളിയിൽ എത്തിയപ്പോൾ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ തസ്ലീമയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരുടെ മക്കളായ തസ്‌ഫിയ (8), ഫാത്തിമ(4), തസ്ലീമയുടെ സഹോദരൻ അബ്ദുൽ ജമാൽ (27), ബന്ധു കുഞ്ഞാലിമ (30) എന്നിവർക്കും പരിക്കേറ്റിരുന്നു. ഇവർ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്. ജമാലാണ് വാഹനം ഓടിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന തസ്ലീമ വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് മരിച്ചത്. വെള്ളിയാഴ്ച മൃതദേഹം നാട്ടിലെത്തിക്കും.