പയ്യന്നൂര്‍: മുന്‍ എം.എല്‍.എയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ കെ.പി.കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. കണ്ണൂര്‍ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കാസര്‍കോട് ജില്ലയിലെ ആദ്യ ഡി സി സി പ്രസിഡണ്ടായിരുന്നു തൃക്കരിപ്പൂരില്‍ നിന്നുള്ള കെ.പി.സി.സി അംഗമാണ്. കണ്ണൂര്‍ ജില്ലക്കാരനാണെങ്കിലും കാസര്‍കോട് കേന്ദ്രീകരിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തി വരുന്നത്. കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനം വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച കെ.പി, ദീര്‍ഘകാലം കാസര്‍കോട് ഡി.സി.സി പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ പ്രദേശങ്ങളും സഞ്ചരിച്ച് നടത്തിയ ഗ്രാമയാത്ര കോണ്‍ഗ്രസ്സിന് പുതിയ ഊര്‍ജവും ശക്തിയും നല്‍കി.ദീര്‍ഘകാലം യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടരിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ലീഡര്‍ കെ.കരുണാകരന്റെ അടുത്ത അനുയായിരുന്ന കെ.പി.കുഞ്ഞിക്കണ്ണന്‍ 1987-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഉദുമ നിയോജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.അന്ന് സി.പി.എം സ്ഥാനാര്‍ത്ഥിയായിരുന്ന കെ.പുരുഷോത്തമനെ 7845 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് എട്ടാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.1991-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ഉദുമ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയെങ്കിലും സി.പി.എം സ്ഥാനാര്‍ത്ഥി പി.രാഘവനോട് 957 വോട്ടിന് പരാജയപ്പെട്ടു.96-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ തന്നെ മുന്നാം അങ്കത്തിന് ഇറങ്ങിയെങ്കിലും സിറ്റിംഗ് എം.എല്‍.എയായ പി.രാഘവന് തന്നെയായിരുന്നു വിജയം.2016ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവെങ്കിലും സി.പി.എം സ്ഥാനാര്‍ത്ഥി എം.രാജഗോപാലി നോട് പരാജയപ്പെടുകയായിരുന്നു.
കേരഫെഡ് ചെയര്‍മാന്‍, സംസ്ഥാന വൈദ്യുതി ബോര്‍ഡ് അംഗം, ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ ഡയരക്ടര്‍, പയ്യന്നൂര്‍ കോളേജ് മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.2005 മെയ് ഒന്നിന് കെ.കരുണാകരന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ്സ് വിട്ട് ഡി.ഐ.സി രൂപീകരിച്ചപ്പോള്‍ അതിന്റെ പ്രധാന നേതാവായിരുന്നു കെ.പി.കുഞ്ഞിക്കണ്ണന്‍. എന്നാല്‍ ഒരു ചെറിയ കാലയളവിന് ശേഷം കെ.കരുണാകരന്‍ കോണ്‍ഗ്രസ്സിലേക്ക് വീണ്ടുമെത്തിയപ്പോള്‍ അദ്ദേഹത്തോടൊപ്പം കെ.പി.കുഞ്ഞിക്കണ്ണനും മാതൃസംഘടനയില്‍ തിരിച്ചെത്തി.
കഴിഞ്ഞ സെപ്തംബര്‍ 4ന് ഉച്ചക്ക് ദേശീയ പാതയില്‍ നീലേശ്വരം കരുവാച്ചേരി പെട്രോള്‍ പമ്പിന് സമീപമുണ്ടായ കാറപകടത്തിലാണ് കെ.പി.കുഞ്ഞിക്കണ്ണന് പരിക്കേറ്റത്. അദ്ദേഹം സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ഒരു യോഗത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. വാരിയെല്ലിന് പരിക്കേറ്റ് ആദ്യം കാഞ്ഞങ്ങാട് ഐഷാല്‍ മെഡിസിറ്റി ആശുപത്രിയിലും പിന്നീട് പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
ഭാര്യ: കെ.സുശീല (റിട്ട. പ്രഥമാധ്യാപിക). മക്കള്‍: കെ.പി.കെ. തിലകന്‍ (അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, പ്രതിപക്ഷ നേതാവ്), കെ.പി.കെ. തുളസി (അധ്യാപിക). മരുമക്കള്‍: അഡ്വ. വീണ എസ് നായര്‍ (യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി), പ്രതീഷ് (ബിസിനസ്). സഹോദരങ്ങള്‍: പരേതരായ കമ്മാര പൊതുവാള്‍, ചിണ്ട പൊതുവാള്‍, നാരായണ പൊതുവാള്‍. 1949 സെപ്തംബര്‍ 9 ന് കൈതപ്രത്തായിരുന്നു ജനനം. പരേതരായ ആനിടില്‍ കുഞ്ഞമ്പു പൊതുവാളുടെയും കടവത്ത് പുത്തലത്ത് കുഞ്ഞങ്ങ അമ്മയുടെയും മകനാണ്. പയ്യന്നൂര്‍ കാറമേലില്‍ ‘പ്രിയദര്‍ശിനി ‘ യിലാണ് താമസം.