കാസര്‍കോട്: ഉപ്പളയിലെ ഫ്‌ളാറ്റില്‍ പാചക വാതക സിലിണ്ടറില്‍ ചോര്‍ച്ച. ഗ്യാസ് ചോര്‍ച്ച അനുഭവപ്പെട്ട സിലിണ്ടര്‍ ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് എടുത്തുകൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഗ്യാസ് തുറന്നുവിട്ടു. മണ്ണങ്കുഴി സ്‌റ്റേഡിയത്തിനടുത്തെ ഫ്‌ളാറ്റില്‍ ചൊവ്വാഴ്ച രാത്രിയിലാണ് ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ച അനുഭവപ്പെട്ടത്. ഫ്‌ളാറ്റിലെ നജുമുന്നീസയുടെ വീട്ടില്‍ പാചക വാതകത്തിന്റെ ഗന്ധം പ്രകടമായതോടെ അവര്‍ താമസ സ്ഥലത്തിന് പുറത്തുവച്ച ശേഷം ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സെത്തി ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് മാറ്റിയ ശേഷം ഗ്യാസ് തുറന്നുവിടുകയായിരുന്നുവെന്ന് പറയുന്നു. ഉണ്ടാകാമായിരുന്ന വന്‍ ദുരന്തം ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഒഴിവാകുകയായിരുന്നു. പഴയ സിലിണ്ടറിന്റെ അടിഭാഗം തുരുമ്പിച്ചതാണ് ഗ്യാസ് ചോര്‍ച്ചയ്ക്ക് ഇടയാക്കിയതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ പി.ആര്‍ സന്ദീപ്, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ഷഹിന്‍, മുഹമ്മദ് ഷാഫി, സിആര്‍ രാജേഷ്, വിപിന്‍, ഹോംഗാര്‍ഡ് സുരേഷ്, പ്രദീപ് ആര്‍ മേനോന്‍ എന്നിവരാണ് ഫയര്‍ഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നത്.