തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിറക്കി. ഡിജിപിക്കാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. പ്രതിപക്ഷത്തിന് പുറമെ മുന്നണിയില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. എഡിജിപി എംആര്‍ അജിത് കുമാര്‍ രണ്ട് പ്രമുഖ ആര്‍എസ്എസ് നേതാക്കളുമായിട്ടാണ് കൂടിക്കാഴ്ച്ച നടത്തിയത്. എം വിന്‍സെന്റ് നല്‍കിയ പരാതിയും സര്‍ക്കാര്‍ ഡിജിപിക്ക് കൈമാറി. കൂടിക്കാഴ്ച നടത്തിയ എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് സിപിഐ, എന്‍സിപി, ആര്‍ജെഡി എന്നീ പാര്‍ട്ടികള്‍ മുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ തൃശൂരില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ദിവസം എഡിജിപി എം ആര്‍ അജിത്കുമാര്‍ അവിടെയെത്തിയിരുന്നതായി അടുത്തദിവസം തന്നെ കേരള പൊലീസ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടിക്കാഴ്ച നടത്തിയെന്ന കാര്യം പിന്നീട് എഡിജിപി സമ്മതിച്ചിരുന്നു. സ്വകാര്യ സന്ദര്‍ശനം ആണെന്നായിരുന്നു വിശദീകരണം. അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടുവെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടും അജിത് കുമാര്‍ സജീവമായിരുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.