മംഗ്‌ളൂരു: ചിട്ടിപ്പണം അടക്കാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചുപോയ യുവതിയെ അടിച്ചു കൊന്ന് മൃതദേഹം 29 കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ തള്ളിയ കേസില്‍ ദമ്പതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. മംഗ്‌ളൂരു, വെലന്‍സിയാര്‍, സൂട്ടര്‍പേട്ടയിലെ ജോണസ് സാംസണ്‍ (40), ഭാര്യ വിക്ടീരിയ (47) എന്നിവരെയാണ് മംഗ്‌ളൂരു ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എച്ച്.എസ് മല്ലികാര്‍ജ്ജുന്‍ സ്വാമി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ഇവരുടെ സഹായി ആയിരുന്ന രാജു (34) എന്നയാളെ ആറുമാസത്തെ സാധാരണ തടവിനും ശിക്ഷിച്ചു.
2019 മെയ് 11ന് ആണ് കേസിനാസ്പദമായ സംഭവം. മംഗ്‌ളൂരു, അത്താവാറിലെ ശ്രീമതി ഷെട്ടിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ നടത്തുന്ന ചിട്ടിയില്‍ ജോണസ് സാംസണ്‍ ചേര്‍ന്നിരുന്നു. ചിട്ടി തുക അടക്കുന്നതില്‍ വീഴ്ച വരുത്തിയ ഇയാളെ തേടി സംഭവദിവസം വെലന്‍സിയാറിലെ വീട്ടിലേക്ക് പോയപ്പോഴായിരുന്നു ക്രൂരമായ കൊലപാതകം നടന്നതെന്നാണ് പൊലീസ് കേസ്. ശ്രീമതിയെ അടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം 29 കഷ്ണങ്ങളാക്കി മംഗ്‌ളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ കുപ്പത്തൊട്ടികളില്‍ തള്ളുകയായിരുന്നു. മനുഷ്യശരീരഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചുവലിക്കുന്ന കണ്ട ആള്‍ക്കാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
പാണ്ഡേശ്വരം, കദ്രി പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും പ്രതികളെ കണ്ടെത്തി അറസ്റ്റു ചെയ്തതും.