കാസര്‍കോട്: തിമിരി സര്‍വ്വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി രണ്ടു ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച് അറസ്റ്റിലായ യുവാക്കള്‍ ചീമേനി സഹകരണ ബാങ്കിലും കൊടക്കാട് സഹകരണ ബാങ്കിലും മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി പണം തട്ടി. സംഭവത്തില്‍ ചീമേനി പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചീമേനി, പെട്ടിക്കുണ്ട് സ്വദേശി രാജേഷ് (38), കാക്കടവിലെ അഷ്‌റഫ് (40) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 80 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി നാലുലക്ഷത്തോളം രൂപ കൈപ്പറ്റി ബാങ്കിനെ വഞ്ചിച്ചുവെന്നതിനാണ് കേസ്. ഇരുവരും ശനിയാഴ്ച തിമിരി സഹകരണ ബാങ്കില്‍ അഞ്ചുവളകള്‍ പണയപ്പെടുത്തി രണ്ടുലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു. രാജേഷാണ് ആഭരണങ്ങളുമായി ബാങ്കിലെത്തിയത്. പരിശോധനയില്‍ മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞ് ഇയാളെ തടഞ്ഞുവച്ചു. തനി
ക്ക് സുഹൃത്തായ അഷ്‌റഫാണ് ആഭരണങ്ങള്‍ നല്‍കിയതെന്നാണ് രാജേഷ് ബാങ്ക് ജീവനക്കാരോട് പറഞ്ഞത്. തുടര്‍ന്ന് അഷ്‌റഫിനെയും ബാങ്കിലേക്ക് വിളിച്ചു വരുത്തുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസെത്തി ഇരുവരെയും അറസ്റ്റു ചെയ്തു. ഇരുവരും റിമാന്റിലാണിപ്പോള്‍. രാജേഷും അഷ്‌റഫും ചീമേനി ബാങ്കിലും ആഭരണങ്ങള്‍ പണയപ്പെടുത്തി വായ്പയെടുത്തിരുന്നു. തിമിരി ബാങ്കിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ പണയപ്പെടുത്തിയ ആഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞത്. ബാങ്ക് അധികൃതര്‍ ചീമേനി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. അഷറഫ് കൊടക്കാട് സഹകരണ ബാങ്കില്‍ ഏഴു വളകള്‍ പണയപ്പെടുത്തി രണ്ടു ലക്ഷത്തോളം രൂപ തട്ടിയതായും കണ്ടെത്തിയിട്ടുണ്ട്.