കൊച്ചി: പീഡനക്കേസിൽ പ്രതിയായ പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയാണ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് ഷാനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 10 ദിവസമായി ഹോട്ടലിൽ താമസം. സുഹൃത്തുക്കൾക്കൊപ്പം എത്തിയാണ് മുറിയെടുത്തത്. ഒപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ രണ്ടുദിവസം മുമ്പാണ് പോയത്. മുറി തുറക്കാത്തതിനെത്തുടർന്ന് തിങ്കളാഴ്ച വൈകിട്ട് നാലോടെ ഹോട്ടൽ ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് അകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ സെൻട്രൽ പൊലീസ് അന്വേഷണം തുടങ്ങി.
നേരത്തെ നടിയുടെ പരാതിയിൽ ഷാനുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ബലത്സംഗ പരാതിയിലാണ് കേസെടുത്തത്. അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. തിരുവനന്തപുരം സ്വദേശിയായ നടിയാണ് പരാതി നൽകിയത്. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഷാനുവിന്റെ ബന്ധുക്കൾ എത്തിയശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.