പിപി ചെറിയാന്‍
മിസിസിപ്പി: മാതാവിനെ കൊലപ്പെടുത്തുകയും രണ്ടാനച്ഛനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത 15 കാരിയെ കോടതി പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മിസിസിപ്പി സ്വദേശിനി കാര്‍ലി മാഡിസണ്‍ ഗ്രെഗിനെയാണ് ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ നിരീക്ഷണ വീഡിയോ ജൂറിമാരെ കാണിച്ചതിനെ തുടര്‍ന്നാണ് കാര്‍ലി മാഡിസണ്‍ ഗ്രെഗ് ശിക്ഷിക്കപ്പെട്ടത്. വിധി കേട്ട് ഗ്രെഗ് കോടതിയില്‍ പൊട്ടിക്കരഞ്ഞു.
കാര്‍ലി ഗ്രെഗ് ചെയ്തത് തെറ്റാണെന്നും ചില സമയങ്ങളില്‍ തിന്മ കൗമാരക്കാരില്‍ പ്രകടമാകാറുണ്ടെന്നതു വസ്തുതയാണെന്നും റാങ്കിന്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ബബ്ബ ബ്രാംലെറ്റ് പറഞ്ഞു. നിരീക്ഷണ വീഡിയോ ഉള്‍പ്പെടെയുള്ള അസ്വസ്ഥതയുളവാക്കുന്ന തെളിവുകള്‍ ജൂറി വീക്ഷിച്ചു. വീഡിയോയില്‍, വീടിനു ചുറ്റും പിന്നില്‍ ഒളിപ്പിച്ച തോക്കുമായി നടക്കുന്ന ഗ്രെഗിനെ കാണാം. പിന്നെ, വെടിയൊച്ചകള്‍ കേള്‍ക്കുന്നു. ഗ്രെഗ് പിന്നീട് അടുക്കളയിലേക്ക് മടങ്ങുന്നു, ഒപ്പം അവളുടെ നായ്ക്കള്‍ക്കൊപ്പം മെസേജ് അയയ്ക്കുകയും കളിക്കുകയും ചെയ്യുന്നു. മാതാവ് ആഷ്ലി സ്‌മൈലിയുടെ മുഖത്ത് ഗ്രെഗ് വെടിവെച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു. ’40 വയസ്സുള്ള സ്‌മൈലി ഹൈസ്‌ക്കൂള്‍ കണക്ക് അധ്യാപികയായിരുന്നു.
രണ്ടാനച്ഛന്‍ ഹീത്ത് സ്‌മൈലി വീട്ടില്‍ വന്നപ്പോള്‍ ഗ്രെഗ് അദ്ദേഹത്തിന് നേരെയും വെടിയുതിര്‍ത്തു. വാതില്‍ തുറക്കുന്നതിന് മുമ്പ് തോക്ക് എന്റെ മുഖത്ത് പൊട്ടിത്തെറിച്ചു’-ഹീത്ത് സ്‌മൈലി കോടതിയില്‍ പറഞ്ഞു. ഗ്രെഗ് കഞ്ചാവ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഒരു സുഹൃത്ത് മാതാവിനോട് പറഞ്ഞതറിഞ്ഞാണ് ഗ്രെഗ് മാതാവിനെ വെടിവച്ചു കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ഗ്രെഗിക്കു മാനസികാരോഗ്യ പ്രതിസന്ധിയുണ്ടെന്ന് അവരുടെ അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി ശിക്ഷ വിധിക്കുകയായിരുന്നു.