കോട്ടയം: കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. മഹാരാഷ്ട്ര താനെ കല്യാൺ തങ്കെവാടി പ്രീതാ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ 3ൽ താമസിക്കുന്ന കൊട്ടാരക്കര ഓടനാവട്ടം ജി.വി. നിവാസിൽ ജയിംസ് ജോർജ് (48), മഹാരാഷ്ട്ര ബദ്ലാപുർ ശിവാജി ചൗക്കിൽ രാജേന്ദ്ര സർജെയുടെ മകൾ ശൈലി രാജേന്ദ്ര സർജെ (27) എന്നിവരാണു മരിച്ചത്.
തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. കൊച്ചിയിൽ നിന്നു വാടകയ്ക്കെടുത്ത കെഎൽ 07 സികെ 1239 നമ്പർ കാറാണ് അപകടത്തിൽപെട്ടത്. കാറിൽ രണ്ടുപേരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൈപ്പുഴമുട്ടിൽ നദിയിലേക്ക് മറിഞ്ഞ കാർ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. കാടിനുള്ളിൽ ചെളി നിറഞ്ഞ നിലയിലായിരുന്നു. കാറിൻ്റെ ചില്ല് പൊട്ടിച്ച് പുറത്തെടുത്ത രണ്ട് പേരെയും പ്രാഥമിക ശുശ്രൂഷനൽകി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. കുമരകം ഭാഗത്തുനിന്ന് വന്ന കാറാണ് പുഴയിലേക്ക് വീണത്. പാലത്തിലേക്ക് കയറുന്നതിന് പകരം വെള്ളത്തിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് തിരച്ചിൽ നടത്തിയത്. മരിച്ചവരുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
.