തൃശൂര്‍: കയ്പമംഗലത്ത് നാലംഗ സംഘം യുവാവിനെ മര്‍ദ്ദിച്ച് കൊന്ന് ആംബുലന്‍സില്‍ തള്ളി. കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ (40) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ കണ്ണൂര്‍ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയ്ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. അല്‍ഭുത ശേഷിയുള്ള ‘റൈസ് പുള്ളര്‍’ നല്‍കാമെന്ന് പറഞ്ഞ് അരുണ്‍ കൊലയാളിയില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങിയിരുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ അത് കിട്ടാത്തതിനെ തുടര്‍ന്ന് ഈ പണം തിരികെ വാങ്ങാനായി കണ്ണൂര്‍ സ്വദേശികളായ മൂന്നംഗ സംഘം തൃശൂരിലെത്തിയിരുന്നു. പാലിയേക്കര ടോള്‍ പ്ലാസയ്ക്കു സമീപത്തേക്ക് വിളിച്ചു വരുത്തിയ അരുണിനെയും സുഹൃത്ത് ശശാങ്കനെയും കണ്ണൂരില്‍ നിന്ന് എത്തിയവര്‍ തട്ടിക്കൊണ്ടുപോയി. പിന്നീട് വട്ടണാത്രയില്‍ എസ്റ്റേറ്റിനകത്ത് ഇരുവരേയും ബന്ദിയാക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മര്‍ദ്ദനത്തിനിടയില്‍ അരുണ്‍ കൊല്ലപ്പെട്ടതോടെ മൃതദേഹം കയ്പമംഗലത്ത് എത്തിച്ചു. അവിടെ നിന്നും ആശുപത്രിയിലേക്കെന്ന് പറഞ്ഞ് ആംബുലന്‍സ് വിളിച്ച് അരുണിനെ ആംബുലന്‍സില്‍ കയറ്റി. തങ്ങള്‍ കാറില്‍ ആംബുലന്‍സിനെ പിന്തുടരാമെന്ന് പറഞ്ഞ അക്രമികള്‍ പിന്നീട് മുങ്ങുകയായിരുന്നു.
അരുണിന്റെ ദേഹത്തുടനീളം മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നു. മൂക്കിന്റെ പാലം പൊട്ടിയ നിലയിലായിരുന്നു. നിലവില്‍ ശശാങ്കന്‍ പൊലീസ് കസ്റ്റഡിയിലാണ്. ശശാങ്കനില്‍ നിന്നുമാണ് കൊലപാതകത്തിന് പിന്നിലെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.