കാസര്‍കോട്: ജില്ലയിലെ ചില പ്രദേശങ്ങളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു. ലെപ്റ്റോസ്പൈറ ബാക്ടീരിയ മൂലമുണ്ടാകുന്ന രക്ത അണുബാധയാണ് എലിപ്പനി , ഇത് മനുഷ്യരെയും നായ്ക്കളെയും എലികളെയും മറ്റ് വന്യമൃഗങ്ങളെയും വളര്‍ത്തുമൃഗങ്ങളെയും ബാധിക്കും.
ലക്ഷണങ്ങള്‍
പനി, തലവേദന, കാലുകളിലെ പേശികളില്‍ വേദന, കണ്ണിന് മഞ്ഞ – ചുവപ്പ് നിറം, മൂത്രത്തിന്റെ അളവ് കുറഞ്ഞു കടുത്ത നിറം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കൂടി കണ്ടാല്‍ എലിപ്പനി സംശയിക്കാം. രോഗം ഗുരുതരമായാല്‍ മരണം സംഭവിക്കാം.
പ്രതിരോധ മാര്‍ഗങ്ങള്‍
എലിപ്പനി വരാതിരിക്കുന്നതിനു കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുകയോ കുളിക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ ചെയ്യരുത് .എലി, അണ്ണാന്‍, പൂച്ച, പട്ടി, മുയല്‍, കന്നുകാലികള്‍ തുടങ്ങിയവയുടെ വിസര്‍ജ്ജ്യങ്ങള്‍ കലര്‍ന്ന ജലവുമായി സമ്പര്‍ക്കം ഉണ്ടാകുന്നതും രോഗാണു കലര്‍ന്ന ആഹാരവും വെള്ളവും ഉപയോഗിക്കുന്നതും എലിപ്പനിക്ക് കാരണമാകും.
കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലിചെയ്യുന്നവര്‍, മൃഗ പരിപാലകര്‍, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍,ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് തൊഴിലാളികൾ ,തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി രോഗബാധയേല്‍ക്കാന്‍ സാധ്യതയുള്ളവര്‍ നിര്‍ബന്ധമായും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. ഡോക്‌സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. രോഗ സാധ്യത കൂടിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവര്‍ കയ്യുറയും കാലുറയും ധരിക്കുന്നത് നല്ലതാണ്.
ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ സംസ്‌ക്കരിക്കുക. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകി ഉപയോഗിക്കുക. അവല്‍ പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വൃത്തിയുള്ള സാഹചര്യത്തില്‍ തയ്യാറാക്കിയവ മാത്രം ഉപയോഗിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക, ശീതള പാനീയ കുപ്പികളും പാക്കറ്റുകളും കുടിവെള്ള കുപ്പികളും മറ്റു ഭക്ഷണ പാക്കറ്റുകളും എലി കയറാത്ത രീതിയില്‍ സൂക്ഷിച്ച് വില്‍പ്പന നടത്താന്‍ കച്ചവടക്കാര്‍ ശ്രദ്ധിക്കണം.. ഇത്തരം പാക്കറ്റുകളും കുപ്പികളും വൃത്തിയാക്കിയ ശേഷം പൊട്ടിച്ചു ഉപയോഗിക്കാനും ശ്രദ്ധിക്കണം.
Good information.