കൊച്ചി: സിപിഎമ്മിന്റെ പ്രമുഖ നേതാവായിരുന്ന എംഎം ലോറന്‍സിന്റെ അന്ത്യയാത്രയില്‍ പ്രതിഷേധവും, ബലപ്രയോഗവും നാടകീയ രംഗങ്ങളും പ്രകടമായി. മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്ന എറണാകുളം ടൗണ്‍ഹാളില്‍ നിന്ന് കോടതി നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റാനുള്ള നീക്കത്തിനിടയിലാണ് സംഘര്‍ഷം ഉടലെടുത്തത്. മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസറില്‍ കെട്ടിപ്പിടിച്ചു നിന്ന മകള്‍ ആശയെ പൊലീസിന്റെ നേതൃത്വത്തില്‍ പാര്‍ടിപ്രവര്‍ത്തരും മറ്റും പിടിച്ചുമാറ്റി. മൃതദേഹം പൊലീസ് സഹായത്താല്‍ എടുത്തുമാറ്റുകയായിരുന്നു. ഇതിനിടയില്‍ ആശ തളര്‍ന്ന് വീണതും നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. സിപിഎമ്മിന്റെയും സിഐടിയുടെയും ഇടതുമുന്നണിയുടെയും നേതാവായ ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് നല്‍കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നെന്നും അത് തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും ലോറന്‍സിന്റെ മറ്റു രണ്ടുമക്കള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മതപരമായ ആചാരങ്ങളോടെ സംസ്‌കരിക്കണമെന്ന് മറ്റൊരു മകളായ ആശ ആവശ്യപ്പെടുകയായിരുന്നു. ഇതേ ആവശ്യമുന്നയിച്ചു ഹൈക്കോടതിയില്‍ അവര്‍ നല്‍കിയ പരാതിയില്‍ മൃതദേഹം തല്‍ക്കാലം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് മൃതദേഹം മാറ്റാനുള്ള ശ്രമത്തിനിടിയിലാണ് നാടകീയ രംഗങ്ങള്‍ ഉടലെടുത്തത്.