മലപ്പുറത്തെ എംപോക്സ് കേസ് അപകടകാരി; അതിവേഗം വ്യാപിക്കും; ഇന്ത്യയിലെ ആദ്യത്തെ കേസ് കേരളത്തിൽ

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒതായി ചാത്തല്ലൂര്‍ സ്വദേശിക്ക് സ്ഥിരീകരിച്ചത് എംപോക്‌സ് ക്ലേഡ് വണ്‍ ബി വിഭാഗം. ഇന്ത്യയില്‍ ആദ്യമായാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. പശ്ചിമ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ വിഭാഗം അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളവയാണ്. രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതലുള്ളത് എംപോക്‌സ് 2 എന്ന വകഭേദമാണ്.ഇന്ത്യയില്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തതും എംപോക്‌സ് 2 ആണ്. ഇതിന്റെ മറ്റൊരു വകഭേദം ആണ് എംപോക്‌സ് വണ്‍ ബി എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. യുഎഇയിൽ നിന്നും എത്തിയ ആളിലാണ് മലപ്പുറത്ത് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ ശരീരസ്രവങ്ങൾ, രോഗി ഉപയോഗിച്ച വസ്തുക്കൾ എന്നിവ വഴിയും രോഗം പകരും. ദേഹത്ത് കുമിളകൾ, പനി, തലവേദന, പേശീവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തി. എയര്‍പോര്‍ട്ടുകളില്‍ നിരീക്ഷണം ശക്തിപ്പെടുത്തി. 5 ലാബുകളില്‍ പരിശോധാ സൗകര്യമൊരുക്കി. കൂടുതല്‍ ലാബുകളില്‍ പരിശോധനാ സൗകര്യങ്ങളൊരുക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിച്ച് ചികിത്സ തേടണം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എംപോക്‌സ് ലക്ഷണവുമായി ആരെങ്കിലും എത്തിയാൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page