ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ ആളുകൾക്ക് വേണ്ടിയുള്ള തിരച്ചിലിൽ അസ്ഥി കണ്ടെത്തി. മനുഷ്യന്റെ അസ്ഥിയാണ് കണ്ടെത്തിയത് എന്നാണ് സംശയം. ഫൊറൻസിക് പരിശോധനയ്ക്കായി അസ്ഥി ലാബിലേക്ക് മാറ്റി. ഗംഗാവലി പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. ഇക്കാര്യം സതീഷ് സെയിൽ എംഎൽഎ സ്ഥിരീകരിച്ചിട്ടുണ്ട്. അസ്ഥി എഫ്എസ്എൽ ലാബിലേക്ക് അയക്കണം. മനുഷ്യന്‍റേത് ആണോ മറ്റേതെങ്കിലും മൃഗത്തിന്‍റേത് ആണോ എന്ന് പരിശോധനയിൽ മാത്രമേ വ്യക്തമാകൂ. അതിനു ചുരുങ്ങിയത് ഒരാഴ്ച കാത്തിരിക്കേണ്ടി വരുമെന്നും സതീഷ് സെയിൽ പറഞ്ഞു. തിരച്ചിൽ തിങ്കളാഴ്ചയും തുടരും. ഞായറാഴ്ച നടത്തിയ തിരച്ചിലിലും ടാങ്കർ ലോറിയുടെ ഭാഗങ്ങൾ മാത്രമാണ് കണ്ടെത്താനായത്. റിട്ടയർ മേജർ ജനറൽ ഇന്ദ്രബാലൻ ഇന്ന് ദൗത്യത്തിന്റെ ഭാഗമാകും. ജിപിഎസ് ഉപയോഗിച്ച് ഗംഗാവലിപ്പുഴയിൽ പരിശോധന നടത്തും. അതിനിടെ
അർജുനു വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നതായി മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ മാധ്യമങ്ങളെ അറിയിച്ചു. വെള്ളത്തിൽ മുങ്ങിയുള്ള തിരച്ചിലിന് അനുമതി നൽകാത്തതിനെ തുടർന്നാണ് മൽപെയും സംഘവും മടങ്ങിയത്. ഇനി ഷിരൂരിലേക്ക് ഇല്ലെന്നും ഉഡുപ്പിയിലേക്ക് മടങ്ങുകയാണെന്നും അറിയിച്ച മൽപെ അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
സർക്കാർ നിയോഗിച്ചിട്ടുള്ള സംവിധാനങ്ങൾ മാത്രം അർജുൻ ഉൾപ്പെടെ മണ്ണിടിച്ചിലിൽ കാണാതായവർക്കായി തിരച്ചിൽ നടത്തിയാൽ മതിയെന്ന നിർദേശത്തെ തുടർന്നാണ് മൽപെയുടെ മടക്കം. ഷിരൂർ ജില്ലാ ഭരണകൂടവും അർജുന്റെ കുടുംബത്തിനുവേണ്ടി തിരച്ചിലിന് ഇറങ്ങിയ മൽപെയുടെ സംഘവും തമ്മിൽ തുടക്കത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഒരേ സമയം ഡ്രജിങ്ങും ഡൈവിങ്ങും നടത്തുന്നത് അപകടമാണെന്നും മൽപെയുടെ സുരക്ഷ മുൻനിർത്തിയാണ് അനുമതി നൽകാത്തതെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. അതേസമയം വിവാദത്തിന് ഇല്ലെന്ന് അർജുന്റെ കുടുംബവും അറിയിച്ചു.