കാസര്‍കോട്: ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണു പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. മഞ്ചേശ്വരം, കടമ്പാറിലെ ഹാരിസിന്റെ ഒരു വയസ്സും രണ്ടു മാസവും പ്രായമുള്ള മകള്‍ ഫാത്തിമയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. ഫാത്തിമ വീട്ടിലെ മറ്റു കുട്ടികള്‍ക്കൊപ്പം അയല്‍വീട്ടിലേയ്ക്ക് കളിക്കാന്‍ പോയതായിരുന്നു. പിന്നീട് തനിച്ച് വീട്ടില്‍ തിരിച്ചെത്തി. വീട്ടുകാര്‍ നല്‍കിയ നാരങ്ങാ വെള്ളം കുടിച്ച ശേഷം വീട്ടിനകത്തേയ്ക്ക് പോവുകയായിരുന്നു. വീട്ടുകാര്‍ വരാന്തയില്‍ ഇരുന്ന് സംസാരിക്കുന്നതിനിടയില്‍ വീട്ടിനു അകത്തേയ്ക്കു പോയ ഫാത്തിമയെ കുറിച്ച് ചിന്തിച്ചില്ല. അല്‍പ്പസമയം കഴിഞ്ഞു ശുചിമുറിയിലേയ്ക്ക് പോയ വീട്ടുകാരാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. രാത്രിയോടെ പൊസോട്ട് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
മാതാവ്: ഖൈറുന്നീസ. സഹോദരങ്ങള്‍: ഷാഹിന, ഷംന, ഹാരിഫ, അഹമ്മദ് കബീര്‍.