കാസര്‍കോട്: ഉപ്പള, പത്വാടിയിലെ വീടു കേന്ദ്രീകരിച്ചു നടന്ന മയക്കുമരുന്ന് ഇടപാടിനു പണം മുടക്കിയ ആളെ തിരിച്ചറിഞ്ഞു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന രണ്ടു പേരുകളുള്ള ഒരാളാണ് പണം മുടക്കിയതെന്നാണ് സൂചന. ഇയാളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
പ്രസ്തുത ആള്‍ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് പത്വാടിയിലെ ബിരുദധാരിയായ അസ്‌ക്കറലിയെ മയക്കുമരുന്നു വിതരണത്തിന്റെ ഇടനിലക്കാരനാക്കിയത്. മയക്കുമരുന്ന് ലഭിക്കുന്നതിനുള്ള പണം പൊലീസ് അന്വേഷിക്കുന്ന ആള്‍ നേരിട്ടു തന്നെയാണ് ബംഗ്‌ളൂരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍ സംഘത്തിനു കൈമാറിയതെന്ന സൂചനയും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇയാള്‍ നല്‍കുന്ന പണത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ തരത്തിലുള്ള മയക്കുമരുന്നുകള്‍ പത്വാടിയിലെ വീട്ടിലേയ്ക്ക് എത്തിച്ചു കൊടുക്കുകയായിരുന്നുവത്രെ.
പത്വാടിയിലെ അസ്‌ക്കറലിയെ കഴിഞ്ഞ ദിവസമാണ് മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ സന്തോഷ്‌കുമാര്‍, മഞ്ചേശ്വരം എസ് ഐ നിഖില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്നു 3.406 കിലോഗ്രാം എം ഡി എം എ അടക്കമുള്ള കോടികളുടെ ലഹരി വസ്തുക്കളാണ് പിടികൂടിയത്. ആഗസ്റ്റ് 28ന് മേല്‍പ്പറമ്പ്, കൈനോത്ത് റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടയില്‍ കര്‍ണ്ണാടക മൂഡിഗരെ സ്വദേശിയും കളനാട്ട് താമസക്കാരനുമായ അബ്ദുല്‍ റഹ്‌മാന്‍ എന്ന രവിയെ അറസ്റ്റു ചെയ്തിരുന്നു. റിമാന്റില്‍ കഴിഞ്ഞിരുന്ന ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അസ്‌ക്കറലിയെ കുറിച്ചുള്ള വിവരം പൊലീസിനു ലഭിച്ചത്. ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നതോടെ അന്തര്‍ സംസ്ഥാന മയക്കുമരുന്ന് മാഫിയാ സംഘത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.