കാസര്‍കോട്: ജനകീയ ഡോക്ടര്‍ എ വി എം ബഷീര്‍ (89) അന്തരിച്ചു. ജന്മംകൊണ്ട് ആലപ്പുഴ, തുറവൂര്‍ സ്വദേശിയായ ഡോക്ടര്‍ കര്‍മ്മം കൊണ്ട് കാസര്‍കോട്ടുകാരനാണ്. രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണാറായി കാസര്‍കോടിനെ തെരഞ്ഞെടുത്ത എ വി എം ബഷീര്‍ പരവനടുക്കത്താണ് തന്റെ സേവനം ആരംഭിച്ചത്. കോളിയടുക്കത്തെ വാടക വീട്ടില്‍ ഞായറാഴ്ച രാവിലെയാണ് വിടവാങ്ങിയത്. 30 വര്‍ഷക്കാലം മാങ്ങാട് ടൗണില്‍ ക്ലിനിക്ക് നടത്തി. കോവിഡ് കാലത്ത് ക്ലിനിക്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ആറുമാസം മുമ്പു വരെ വീട്ടിലെത്തിയിരുന്ന രോഗികളെ പരിശോധിച്ചിരുന്നു. ചെമ്മനാട് പഞ്ചായത്തിലെ പെരുമ്പള, ചെമ്മനാട്, അണിഞ്ഞ, അരമങ്ങാനം, മാങ്ങാട്, തെക്കില്‍ പ്രദേശങ്ങളുടെ രക്ഷകനായിരുന്നു ഡോ. എ വി എം ബഷീര്‍. വിശാല ചിന്തയും യുക്തിബോധവും ശാസ്ത്രഅവബോധവും ലോക സാഹിത്യത്തിലെ അപാര ജ്ഞാനവും കൊണ്ട് സമ്പന്നനായിരുന്നു ബഷീര്‍ ഡോക്ടറെന്നു പൊതുപ്രവര്‍ത്തകനായ മോഹനന്‍ മാങ്ങാട് അനുസ്മരിച്ചു. മാങ്ങാട് മൈത്രി വായനശാല ആന്റ് ഗ്രന്ഥാലയം ഭരണസമിതി അംഗം, സീനിയര്‍ സിറ്റിസണ്‍ ഫോറം, ബാര -മാങ്ങാട് യൂണിറ്റ് പ്രസിഡണ്ട്, ഗാന്ധിജയന്തി ദിനാചരണ സമിതി ചെയര്‍മാന്‍, മാങ്ങാട് സയന്‍സ് ഫോറം പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിനു നിരവധി ആദരവുകള്‍ ലഭിച്ചിട്ടുണ്ട്.
മികച്ച വായനക്കാരന്‍, ഇംഗ്ലീഷ് സാഹിത്യത്തില്‍ അപാര ജ്ഞാനി, മികച്ച ശ്രോതാവ്, പ്രഭാഷകന്‍, നാട്ടറിവുകളുടെ ഉപാസകന്‍, ഭാഷാ സ്‌നേഹി എന്നീ നിലകളിലും ശ്രദ്ധേയനാണ് ഡോ. എ വി എം ബഷീര്‍. ചെമ്മനാട്ടെ ആയിഷയാണ് ഭാര്യ. മക്കള്‍: എം വി എം സാലി, എ വി എം അന്‍വര്‍. മരുമക്കള്‍: അലീമ, ജൂബി.