തിരുവനന്തപുരം: പി വി അന്‍വര്‍ എം എല്‍ എ പരസ്യ പ്രതികരണങ്ങളില്‍ നിന്നു മാറി നില്‍ക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെ തുടര്‍ച്ചയായി മാധ്യമങ്ങള്‍ വഴി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. അന്‍വര്‍ എം എല്‍ എയുടെ ഈ നിലപാടിനോട് യോജിക്കാന്‍ കഴിയില്ല. പി വി അന്‍വര്‍ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് സര്‍ക്കാരിനെയും പാര്‍ട്ടിയെയും ആക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നു പിന്തിരിയണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
അന്‍വര്‍ എം എല്‍ എയുടെ ഇടതു മുന്നണിയുടെ സ്വതന്ത്ര എം എല്‍ എ എന്ന നിലയിലാണ് നിയമസഭയിലും നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചു വരുന്നത്. സി പി എമ്മിന്റെ പാര്‍ലമെന്ററി അംഗം കൂടിയാണ്. ആരോപണങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും വിഷയം ബന്ധപ്പെട്ടവര്‍ ചര്‍ച്ച ചെയ്തുവരികയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയോട് പി വി അന്‍വര്‍ എം എല്‍ എ പ്രതികരിച്ചിട്ടില്ല.