കണ്ണൂര്‍: സബ് ജയിലിലേക്ക് കഞ്ചാവു എറിഞ്ഞു കൊടുത്ത മൂന്നു പേര്‍ അറസ്റ്റില്‍. കൂത്തുപറമ്പ്, മാങ്ങാട്ടിടം, വടക്കേക്കര ഷിനോജ് (35), അയ്യപ്പന്‍തോട് ദേവു സദനത്തില്‍ അഭിരാം (24), തില്ലങ്കേരി, ചെറുവയല്‍ ഹൗസില്‍ രാരീഷ് (32) എന്നിവരെയാണ് കൂത്തുപറമ്പ് ഇന്‍സ്‌പെക്ടര്‍ കെ.വി ഹരിക്കുട്ടനും സംഘവും അറസ്റ്റു ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് കൂത്തുപറമ്പ് സബ്ജയിലിലേക്ക് കാറിലെത്തിയ സംഘം ജയില്‍ വളപ്പിനു അകത്തേക്ക് കഞ്ചാവ് എറിഞ്ഞു കൊടുത്തത്. തുടര്‍ന്ന് സംഘം കാറില്‍ തന്നെ തിരികെ പോവുകയായിരുന്നു. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കഞ്ചാവ് എറിഞ്ഞു കൊടുത്തവരെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്.