തിരുവനന്തപുരം: എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പിവി അന്‍വര്‍ എംഎല്‍എയെ പൂര്‍ണ്ണമായും തളളി മുഖ്യമന്ത്രി പിണറായി വിജയന്‍. പി ശശിക്കെതിരെ പരാതിയുണ്ടായിരുന്നെങ്കില്‍ അന്‍വര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. സാധാരണ നിലയ്ക്ക് ഒരു പ്രശ്നമുണ്ടായാല്‍ അങ്ങനെയാണ് ചെയ്യുക. പരാതിയുണ്ടെങ്കില്‍ പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎല്‍എ എന്ന നിലയില്‍ പിവി അന്‍വര്‍ ചെയ്യേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗമാണ് അന്‍വര്‍. അതുകൊണ്ടാണല്ലോ ഇടതുപക്ഷ എംഎല്‍എ എന്ന് പറയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിയാണ് നിയോഗിച്ചത് എന്ന് അദ്ദേഹം തന്നെ പറയുന്നു. അന്‍വറിന്റേത് ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലമല്ല. അന്‍വര്‍ വന്നത് കോണ്‍ഗ്രസില്‍ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെ തന്നെ അന്‍വറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചെങ്കിലും മറുപടി നല്‍കിയില്ല. ഫോണില്‍ ബന്ധപ്പെടാനും തയ്യാറായില്ല. മറ്റുവഴിയിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തയ്യാറായില്ല. രണ്ടാം ദിവസവും മൂന്നാം ദിവസവും ബന്ധപ്പെടാന്‍ ശ്രമിച്ചു. മൂന്നാം ദിവസവും അദ്ദേഹം മാധ്യമങ്ങളെയാണ് കണ്ടത്. അതിന് ശേഷമാണ് എന്നെ വന്ന് കണ്ടത്. ഫോണ്‍ ചോര്‍ത്തിയത് പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ചെയ്യാന്‍ പാടില്ലാത്തതായിരുന്നു. അന്‍വര്‍ പരസ്യ പ്രതികരണം തുടര്‍ന്നാല്‍ ഞാനും മറുപടി നല്‍കേണ്ടി വരുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
പി ശശിയെയും എഡിജിപിയെയും സംരക്ഷിച്ചുള്ള മറുപടിയാണ് മുഖ്യമന്ത്രി നടത്തിയത്.
പി.ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കാത്തതിന്റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ നടപടി എടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണവിധേയര്‍ ആര് എന്നതല്ല, ഉന്നയിക്കപ്പെട്ട ആരോപണം എന്ത് എന്നും അതിനുള്ള തെളിവുകള്‍ എന്ത് എന്നതുമാണ് പ്രശ്‌നമെന്ന് മുഖ്യമന്ത്രി വിശദമാക്കി.