തിരുവനന്തപുരം: വയനാട് ദുരന്ത നിവാരണക്കണക്ക് വിവാദത്തില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം കണക്കുകള്‍ പെരുപ്പിച്ച് അനര്‍ഹമായ കേന്ദ്രസഹായം നേടാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചു. കേരളത്തിലെ ജനങ്ങളും സര്‍ക്കാറും ലോകത്തിന് മുന്നില്‍ അവഹേളിക്കപ്പെട്ടു. മാധ്യമ നുണകള്‍ക്ക് പിന്നിലെ അജണ്ടയാണ് ചര്‍ച്ചയാകേണ്ടത്. വയനാട്ടിലെ ദുരിതാശ്വാസം നല്ല നിലയില്‍ പുരോഗമിക്കുന്നതിനിടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന സാധാരണക്കാതെ പിന്തിരിപ്പിക്കുക എന്നതാണ് ഇത്തരം വാര്‍ത്തകളുടെ ദുഷ്ട ലക്ഷ്യം. ഇത് നശീകരണ മാധ്യമ പ്രവര്‍ത്തനമാണ്. ഇത് സമൂഹത്തിന് ആപത്താണ്. മാധ്യമങ്ങള്‍ വിവാദ നിര്‍മ്മാണ ശാലകളാകുന്നതാണ് കണ്ടതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. വരള്‍ച്ച മുതല്‍ പുറ്റിങ്ങള്‍ വെടിക്കെട്ട് അപകടം വരെയുള്ള കാര്യങ്ങളില്‍ പരമാവധി കേന്ദ്ര സഹായത്തിനാണ് ശ്രമിച്ചത്. മലയാളികള്‍ കൂട്ടായ്മ കൊണ്ട് ദുരന്തത്തെ അതിജീവിക്കാന്‍ ശ്രമിക്കുമ്പോ അതിന് തുരങ്കം വെക്കുന്ന പണിയാണ് മാധ്യമങ്ങള്‍ കാണിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മെമ്മോറാണ്ടത്തിലെ കാര്യങ്ങള്‍ മനസിലാക്കാതെയാണ് പലമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. മെമ്മോറാണ്ടത്തിലെ ആക്ച്വല്‍സ് കണ്ട് ചെലവാക്കിയ പണമെന്ന് ദുര്‍വ്യാഖ്യാനം ചെയ്തു. മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല. മാനദണ്ഡങ്ങള്‍ വച്ച് വിദഗ്ധര്‍ തയ്യാറാക്കിയ കണക്കിനെയാണ് കള്ളക്കണക്കായി എഴുതി വെച്ചത്. എസ്ഡിആര്‍എഫിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് 219 കോടി മാത്രമാണ് കേരളത്തിന് ചോദിക്കാനായത്. പുനര്‍ നിര്‍മ്മാണത്തിന് 2000 കോടിയെങ്കിലും വേണമെന്നിരിക്കെയാണ് ഈ വിവാദം വരുന്നത്. എന്നാല്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഒരു രൂപ പോലും ദുരിതാശ്വാസ നിധിയില്‍ നിന്ന് ചെലവഴിക്കാനാകില്ല. ശാസ്ത്രീയമായി മാനദണ്ഡ പ്രകാരമാണ്. പ്രതീക്ഷിക്കുന്ന ചെലവാണ് പറഞ്ഞത്. അതിന് നിയതമായ മാനദണ്ഡങ്ങള്‍ ഉണ്ട്. അതേസമയം യുഡിഎഫ് സര്‍ക്കാരുകള്‍ സമര്‍പ്പിച്ച മെമ്മോറാണ്ടം ധൂര്‍ത്താണെന്ന് ആരും പറഞ്ഞിട്ടില്ലല്ലോയെന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ട സാഹചര്യമാണ് ഉള്ളത്. സര്‍ക്കാരിനെതിരെ മാത്രമല്ല, ഹിതകരമല്ലാത്ത രാഷ്ട്രീയത്തിനും വ്യക്തികള്‍ക്കെതിരെയും മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കുന്നു. മാധ്യമ പ്രവര്‍ത്തനത്തിന്റെ മാനം മാറുന്നുവെന്നും ഇത്തരം മാധ്യമപ്രവര്‍ത്തനത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.