കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ശനിയാഴ്ച പവന് 600 രൂപ ഉയര്‍ന്ന് വില 55,680 രൂപയായി. ഗ്രാമിന് 75 രൂപ കൂടി വില 6,960 രൂപയിലെത്തി. വെള്ളിയാഴ്ച പവന് 55,080 രൂപയും ഗ്രാമിന് 6885യായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണവില 55,000 കടന്നിരുന്നു. ഈ മാസം ഇത് മൂന്നാം തവണയാണ് പവന്‍ വില 55,000 രൂപ കടക്കുന്നത്. മേയ് 20-ല്‍ 55,120 രൂപയിലെത്തിയിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.
കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതോടെ സ്വര്‍ണവില വര്‍ദ്ധിക്കുമെന്ന് നിരീക്ഷണങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് സ്വര്‍ണത്തിന് വിലകൂടിയിരിക്കുന്നത്. നാലുവര്‍ഷത്തിനു ശേഷമാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുന്നത്. കോവിഡിനു ശേഷം ആദ്യമായാണ് അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത്. നേരത്തെ വിലക്കയറ്റത്തെ തുടര്‍ന്ന് പലിശനിരക്ക് റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. അരശതമാനത്തിന്റെ കുറവാണ് നിലവില്‍ വരുത്തിയിരിക്കുന്നത്. ബെഞ്ച്മാര്‍ക്ക് നിരക്ക് 4.75 ശതമാനത്തിനും 5 ശതമാനത്തിനും ഇടയില്‍ കുറയ്ക്കുന്നതിന് അനുകൂലമായ തീരുമാനം നാലുവര്‍ഷത്തിന് ശേഷമാണ് സ്വീകരിച്ചത്. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്നും ഫെഡറല്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ കുറഞ്ഞ നിരക്കുകള്‍ തൊഴില്‍ മേഖലകളിലെ പുതിയ നിയമനങ്ങളുടെ വേഗം വര്‍ധിപ്പിക്കുമെന്നും തൊഴിലില്ലായ്മ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഫെഡറല്‍ റിസര്‍വിന്റെ പ്രതീക്ഷ. പലിശ നിരക്ക് ഇനിയും കുറയുന്ന സാഹചര്യമുണ്ടായാല്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിന്റെ വില ഇനിയും വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലെ സംഘര്‍ഷവും സ്വര്‍ണ വില വര്‍ദ്ധിക്കാന്‍ ഘടകമായെന്ന് നിരീക്ഷണങ്ങളുണ്ട്.