മംഗളൂരു: ഷിരൂരില്‍ അര്‍ജുനായുള്ള തെരച്ചില്‍ പുനഃരാരംഭിച്ചു. ഡ്രഡ്ജര്‍ ഉപയോഗിച്ച് മണ്ണ് മാറ്റിയുള്ള തെരച്ചിലാണ് ആരംഭിച്ചത്. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. രാവിലെ 8 മണിയോടെയാണ് തെരച്ചില്‍ പുന:രാരംഭിച്ചത്. അതേസമയം അര്‍ജുന്റെ സഹോദരി അഞ്ജു അടക്കമുള്ള ബന്ധുക്കള്‍ ഷിരൂരിലെത്തിയിട്ടുണ്ട്. അതിനിടെ, ഷിരൂരില്‍ ഈശ്വര്‍ മാല്‍പെയുടെ തെരച്ചിലില്‍ തടി കഷ്ണം കണ്ടെത്തി. അര്‍ജുന്റെ ലോറിയുടേതെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. സി പി 4 ന് തൊട്ട് താഴെ നിന്നാണ് മരത്തടി ലഭിച്ചത് എന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു. ഇതേസ്ഥലത്ത് ഇനിയും മര തടികള്‍ കിടക്കുന്നുണ്ടെന്നും മാല്‍പെ പറഞ്ഞു. രാവിലെ ആറു മണിക്ക് എത്തിയെങ്കിലും പൊലീസ് തടഞ്ഞു. തെളിഞ്ഞ വെള്ളമായതിനാല്‍ കൃത്യമായി പരിശോധന നടത്താന്‍ കഴിയുമെന്ന് മാല്‍പെ പറഞ്ഞു. അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന. അര്‍ജുനടക്കം കാണാതായ മൂന്ന് പേരെയാണ് ഇനി കണ്ടത്തേണ്ടത്. കാര്‍വാറില്‍ നിന്ന് എത്തിച്ച ഡ്രഡ്ജര്‍ ഉപയോഗിച്ചാണ് തെരച്ചില്‍. 66 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂന്നാം ഘട്ട തെരച്ചില്‍ ആരംഭിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരാനായിരുന്നു പദ്ധതി ഇട്ടതെങ്കിലും ഡ്രഡ്ജര്‍ സ്ഥലത്തെത്താന്‍ 5.30 ആയി. ഏതാണ്ട് 20 മിനിറ്റോളം നടത്തിയ പരിശോധനയില്‍ ലോറി കണ്ടെത്താന്‍ ആയില്ല. ലോറിയില്‍ വെള്ള ടാങ്ക് ഉറപ്പിക്കുന്ന ഇരുമ്പ് റിങ്ങിന്റെത് എന്ന് സംശയിക്കുന്ന ഇരുമ്പ് ഭാഗം കണ്ടെത്തി. തെരച്ചിലില്‍ ലോറിയുടെ സ്ഥാനം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.