ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. ഇപ്പോള്‍ ചാനലില്‍ ഇപ്പോള്‍ കാണാനാകുന്നത് യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ റിപ്പിള്‍ ലാബ്സ് വികസിപ്പിച്ച
ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട വിഡിയോകളാണ്. വെള്ളിയാഴ്ചയാണ് കോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടതെന്നാണ് വിവരം. ഭരണഘടന ബെഞ്ച് പരിഗണിക്കുന്ന കേസുകളും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും പരിഗണിക്കുമ്പോള്‍ കേസിലെ നടപടികള്‍ ലൈവ് സ്ട്രീം ചെയ്യാറുണ്ട്. യൂട്യൂബിലൂടെയാണ് ഇത്തരത്തില്‍ നടപടികള്‍ ലൈവ് സ്ട്രീം ചെയ്യുന്നത്. നിലവില്‍ ഹാക്കര്‍മാര്‍ യു.എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റിപ്പിള്‍ ലാബിന്റെ എക്സ്.ആര്‍.പി എന്ന ക്രിപ്‌റ്റോ കറന്‍സിയുടെ വിഡിയോകളാണ് ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. കൂടാതെ സബ്‌സക്രൈബര്‍മാരെ മറ്റൊരു യൂട്യൂബ് ചാനലിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. യൂട്യൂബ് അക്കൗണ്ടിന്റെ പേര് മാറ്റി അമേരിക്കന്‍ കമ്പനിയായ റിപ്പിളിന്റെ പേരാണ് ഹാക്കര്‍മാര്‍ നല്‍കിയിരിക്കുന്നത്. 2018ലെ വിധിയെ തുടര്‍ന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ഫുള്‍ കോര്‍ട്ട് യോഗത്തിന്റെ ഏകകണ്ഠമായ തീരുമാനത്തിലാണ്, എല്ലാ ഭരണഘടനാ ബെഞ്ച് ഹിയറിംഗുകളുടെയും നടപടിക്രമങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.