ഉയര്‍ന്ന സര്‍ക്കാര്‍ ജീവനക്കാരനെന്ന വ്യാജേന 50ല്‍പ്പരം വനിതകളെ വഞ്ചിച്ച വിവാഹതട്ടിപ്പു വീരന്‍ അറസ്റ്റില്‍. ഗുജറാത്ത്, വഡോദര സ്വദേശിയായ മുഖീം അയൂബ് (38) ആണ് ദില്ലി റെയില്‍വെ സ്‌റ്റേഷനില്‍ പൊലീസിന്റെ പിടിയിലായത്.
മാട്രിമോണിയല്‍ സൈറ്റുകളിലൂടെയായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയതെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. വിധവകളെയും വിവാഹ മോചിതരും ഉന്നത ജോലിയുള്ളതുമായ വനിതകളെയുമാണ് ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയിരുന്നത്. മാട്രിമോണിയല്‍ സൈറ്റില്‍ കയറി സ്ത്രീകളെ പരിചയപ്പെടുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. വളരെ വേഗത്തില്‍ അടുപ്പം സ്ഥാപിച്ച് സ്ത്രീകളുടെ വീട്ടിലെത്തി ബന്ധുക്കളുമായി വിവാഹത്തെക്കുറിച്ച് ചര്‍ച്ച നടത്തും. വിവാഹം നടത്താനായി ഉയര്‍ന്ന ഹോട്ടലുകളും റിസോര്‍ട്ടുകളും ബുക്ക് ചെയ്യാനെന്ന പേരില്‍ പണം കൈക്കലാക്കി മുങ്ങുന്നതായിരുന്നു മുഖീം അയൂബിന്റെ തട്ടിപ്പ് രീതി.
വിവിധ മാട്രിമോണിയല്‍ സൈറ്റുകളില്‍ വ്യാജ പേരുകളിലാണ് ഇയാള്‍ മാട്രിമോണിയല്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. യുവതികളുമായി അടുപ്പം സ്ഥാപിച്ച ശേഷം വിലപിടിപ്പുള്ള വാച്ചുകളും മൊബൈല്‍ ഫോണുകളും സമ്മാനമായി വാങ്ങിയിരുന്നതും ഇയാളുടെ തട്ടിപ്പ് രീതിയായിരുന്നു. അഭിഭാഷകരും ഉന്നത പദവികളില്‍ ഉള്ളവരും ഇയാളുടെ ഇരയായിട്ടുണ്ട്. എന്നാല്‍ മാനഹാനി ഭയന്ന് ആരും പൊലീസിനെ സമീപിച്ചിരുന്നില്ല. ഇതാണ് മുഖീം അയൂബിനു കൂടുതല്‍ തട്ടിപ്പു നടത്താന്‍ പ്രേരണയായത്.
അറസ്റ്റിലായ പ്രതി 2014ല്‍ വിവാഹിതനായ ആളാണ്. പ്രസ്തുത ബന്ധത്തില്‍ മൂന്നു കുട്ടികളുമുണ്ട്.